'ആക്ഷന്‍ ഹീറോ ബിജു'വിന് മുന്നില്‍ 'പൗലോസ്' കുടുങ്ങി; യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ മൂന്നാം ദിനം പിടികൂടി
കൊല്ലം: സൈക്കിള്‍ യാത്രികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെപോയ കാര്‍ മൂന്നു ദിവസത്തിന് ശേഷം പിടികൂടി. പള്ളിത്തോട്ടം എസ്.ഐ ആര്‍. ബിജുവിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെയാണ് അപകടം വരുത്തിയ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പൗലോസിനെ പിടികൂടിയത്.
കൊല്ലത്ത് മത്സ്യതൊഴിലാളിയായ സെലസ്റ്റനാ(47)ണ് അപകടത്തില്‍ പരുക്കേറ്റത്. കൊല്ലം തോപ്പ് പള്ളിക്ക് സമീപത്തായിരുന്ന അപകടം. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വൈകിട്ട് ആറരയോടെ കൊല്ലം ബീച്ചിന് സമീപം ഡ്യൂട്ടിയിലായിരുന്ന എസ്.ഐ ഈ സമയം അമിത വേഗതയില്‍ നീങ്ങിയ വെള്ള മാരുതി കാര്‍ ശ്രദ്ധിച്ചിരുന്നു. കാറിന്റെ മുന്‍വശത്തെ ചില്ല് ഉടഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പെട്ടെങ്കിലും കാര്‍ അപ്പോഴേക്കും കടന്നുപോയിരുന്നു. നമ്പര്‍ പ്ലേറ്റിലെ അക്കങ്ങളും കാറിന്റെ മോഡലും നിറവും മാത്രമായിരുന്നു ആകെയുള്ള വിവരം. അരമണിക്കൂറിന് ശേഷമാണ് എസ്.ഐയുടെ വയര്‍ലെസില്‍ സൈക്കിള്‍ യാത്രികനായ മത്സ്യതൊഴിലാളിയെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയെന്ന സന്ദേശം ലഭിച്ചത്.
ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് അന്വേഷിച്ചപ്പോള്‍ ആദ്യം ചെന്നെത്തിയത് ശക്തികുളങ്ങരയിലെ ഒരു ആള്‍ട്ടോ കാര്‍ ഉടമയുടെ വീട്ടിലാണ്. എന്നാല്‍ അപകടം സൃഷ്ടിച്ച കാര്‍ മാരുതി 800 ആണെന്ന എസ്.ഐയുടെ ഉറപ്പിന്‍മേല്‍ നടത്തിയ തുടരന്വേഷണത്തില്‍ കൊല്ലം ഉപാസന ആശുപത്രിക്ക് സമീപത്തെ ഹൗസിംഗ് കോളനിയിലെ വീട്ടിലേക്കെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കാര്‍ ഉടമസ്ഥനായ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പൗലോസ് പണിക്കര്‍ അപകടം വരുത്തിയത് തന്റെ വാഹനമാണെന്ന് സമ്മതിച്ചില്ല. എന്നാല്‍ പഴയ മാരുതി 800 ന്റെ മുന്‍വശത്തെ ഗ്ലാസ് മാറ്റിയതിനെ കുറിച്ച് ചോദിച്ചതോടെ പൗലോസിന് ഉത്തരം മുട്ടുകയായിരുന്നു.
നിര്‍ത്താതെ പോയ കാറിന് നേരെ അവിടെ ഉണ്ടായിരുന്ന ഒരാള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് മുന്‍ഭാഗത്തെ ചില്ലുടഞ്ഞതെന്ന് തുടരന്വേഷണത്തില്‍ വ്യക്തമായി.
കാര്‍ കസ്റ്റഡിയിലെടുത്ത പള്ളിത്തോട്ടം പൊലിസ് വാഹനം ഓടിച്ചിരുന്ന പൗലോസ് പണിക്കര്‍ക്കെതിരേ കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സെലസ്റ്റിന് ഇടുപ്പെല്ലിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാറിന് കല്ലെറിഞ്ഞയാളെ കണ്ടെത്താനുള്ള ശ്രമവും പൊലിസ് ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."