ബീഫ് ഫെസ്റ്റിനിടെ വിദ്യാര്‍ഥിക്കു മര്‍ദ്ദനമേറ്റ സംഭവം: ഒന്‍പതു പേര്‍ക്കെതിരെ കേസ്
ചെന്നൈ: മദ്രാസ് ഐ.ഐ.ടി കാംപസില്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച മലയാളി ഗവേഷണ വിദ്യാര്‍ഥിക്കു ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ കേസ്. ഉത്തരേന്ത്യക്കാരനായ മനീഷ് കുമാറടക്കം ഒന്‍പതു പേര്‍ക്കെതിരെയാണു കേസെടുത്തത്. കലാപം അഴിച്ചുവിടല്‍, പരപ്രേരണ കൂടാതെയുള്ള മര്‍ദനം, തെറ്റായ രീതിയില്‍ തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികളുടെ പരാതിയില്‍ മര്‍ദനത്തിനിരയായി ചികിത്സയിലുള്ള മലയാളി വിദ്യാര്‍ഥി സൂരജിനെതിരെയും കേസെടുത്തിട്ടുണ്ട്.
എയറോസ്‌പേസ് എന്‍ജിനിയറിങ്ങില്‍ പി.എച്ച്.ഡി ചെയ്യുന്ന മലപ്പുറം സ്വദേശി ആര്‍.സൂരജിനാണ് കാംപസിലെ സംഘപരിവാര്‍ അനുകൂലികളായ സംഘത്തിന്റെ മര്‍ദനമേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വലതുകണ്ണിനു സാരമായ പരുക്കേറ്റ സൂരജിനെ നുങ്കമ്പാക്കത്തെ ശങ്കര നേത്രാലയയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരമാണ് സൂരജടക്കമുള്ള 80 വിദ്യാര്‍ഥികള്‍ കാംപസില്‍ ബീഫ് ഫെസ്റ്റ് നടത്തിയത്. തൊട്ടടുത്തദിവസം ഹോസ്റ്റല്‍ മെസില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അക്രമിസംഘമെത്തി സൂരജ് ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ കഴിഞ്ഞ ദിവസം കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചിരുന്നു. പ്രതികള്‍ക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."