കക്കട്ട് ടൗണില്‍ അനധികൃത മദ്യവില്‍പന വ്യാപകമാകുന്നു
കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്തിലെ കക്കട്ടില്‍ ടൗണില്‍ അനധികൃത മദ്യവില്‍പന വ്യാപകമാകുന്നതായി പരാതി. മാഹി നിര്‍മിത വിദേശമദ്യവും ബീവറേജ് കോര്‍പറേഷനില്‍നിന്ന് ലഭിക്കുന്ന മദ്യവുമാണ് വില്‍പന നടത്തുന്നത്.
ഇതിന് പുറമെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ രഹസ്യ വില്‍പനയും നടക്കുന്നതായി പരാതിയുണ്ട്. എക്‌സൈസ് വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും നാട്ടുകാരുടെ സഹകരണം വേണ്ടത്ര ലഭിക്കാത്തതിനാല്‍ വില്‍പന നിര്‍ബാധം തുടരുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യം വച്ച് നിരോധിത പാന്‍മസാല ഉല്‍പന്നങ്ങളും വില്‍പന നടത്തുന്ന കടകളും പഞ്ചായത്തിലുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനകളില്‍ 300 കുപ്പി മാഹി നിര്‍മിത വിദേശമദ്യവും മുപ്പത്തി അഞ്ചര ലിറ്റര്‍ ബീവറേജ് മദ്യവും പിടികൂടുകയും ഏഴു പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്. മത്സ്യ മാര്‍ക്കറ്റ്, ടൗണിലെ കടകളുടെ പിറകുവശം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നത്. മുന്‍പ് ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന സംഘടനകള്‍ ടൗണിലെ മദ്യവില്‍പക്കെതിരേ ശക്തമായി രംഗത്ത് വന്നിരുന്നു.
യുവജന സംഘടനകളുടെ പിന്മാറ്റമാണ് മദ്യവില്‍പനക്കാര്‍ കരുത്താര്‍ജിക്കാന്‍ ഇപ്പോള്‍ കാരണമാകുന്നത്. വിവിധ പ്രദേശങ്ങളിലുള്ള സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ വരെ ലഹരി തേടി കക്കട്ടിലെത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
സമ്പൂര്‍ണ ലഹരി മുക്ത ഗ്രാമമായി പ്രഖ്യാപിച്ച കുന്നുമ്മല്‍ പഞ്ചായത്തിലെ കുളങ്ങരത്ത്, അരൂര്‍ റോഡ്, എന്നിവിടങ്ങളില്‍ അനധികൃത മദ്യവില്‍പന സജീവമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല.
ലഹരിക്കെതിരേ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്ന സമയങ്ങളില്‍ പൊലിസും എക്‌സൈസും മദ്യവേട്ട നടത്തിയിരുന്നു. ലഹരി വസ്തുക്കള്‍ തടയാന്‍ എക്‌സൈസ് അധികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതില്‍ പ്രദേശത്തുകാര്‍ക്ക് ആശങ്കയുണ്ട്. നരിക്കാട്ടേരി റോഡിലെ വീട് കേന്ദ്രീകരിച്ച് മദ്യ വില്‍പന നടത്തിയതിനെ തുടര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു.
മദ്യത്തിനെതിരേ ജാഗ്രത സമിതി ഉണ്ടാക്കിയെങ്കിലും ഇപ്പോള്‍ നിര്‍ജീവമാണ്. ലഹരി വസ്തുക്കളുടെ ഉപയോഗവും ലഭ്യതയും യുവാക്കളെ വഴിതെറ്റിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
മാഹി വഴി കടത്തുന്ന മദ്യം ജില്ലാ അതിര്‍ത്തിയില്‍ തടയാന്‍ സ്ഥിരം സംവിധാനമില്ലാത്തതും ബീവറേജുകള്‍ പൂട്ടുകയും ദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തതാണ് അനധികൃത മദ്യം വ്യാപകമാവാന്‍ കാരണം. മാഹി മേഖലയിലെ പള്ളൂര്‍, പന്തക്കല്‍, മൂലക്കടവ് എന്നിവിടങ്ങളില്‍നിന്നു ലിറ്റര്‍കണക്കിന് മദ്യമാണ് ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കെത്തിച്ച് കൊടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."