പൊലിസിനു മൂക്കുകയറിടാന്‍ സര്‍ക്കാര്‍: തിരിഞ്ഞാലും മറിഞ്ഞാലും തലസ്ഥാനത്തറിയും
കാളികാവ്: സംസ്ഥാനത്ത് പൊലിസിനുമേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സ്റ്റേഷനുകള്‍ ഓണ്‍ലൈന്‍ നിരീക്ഷണത്തിലാക്കിയതിനു പുറമെ പൊലിസ് വാഹനങ്ങളും മേധാവികളുടെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കും. ഇതിന്റെ തുടര്‍ച്ചയെന്നോണം വാഹനങ്ങളില്‍ ടാബുകള്‍ സ്ഥാപിച്ചുതുടങ്ങി.
വാഹനത്തിലുള്ളവരെ നേരിട്ടു കാണാന്‍ സാധിക്കുന്ന വിധത്തിലാണ് ടാബ് ഘടിപ്പിക്കുന്നത്. ജില്ലാ പൊലിസ് മേധാവി മുതല്‍ മുകളിലുളള ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ കാണാന്‍ കഴിയും. പൊലിസുകാരേയും സ്റ്റേഷനില്‍ എത്തുന്നവരെയും നിരീക്ഷിക്കാന്‍ സാധിക്കുന്ന തരത്തില്‍ എല്ലാ സ്റ്റേഷനുകളിലും കാമറകളും സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പൊലിസ് ആസ്ഥാനത്തിരുന്നാല് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും.
പൊലിസ് വാഹനങ്ങളില്‍ ടാബ് സംവിധാനം നിലവില്‍ വരുന്നതോടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വാഹനം ഉപയോഗിക്കുന്നതും നിയന്ത്രിക്കാനവും. മറ്റുള്ളവരെ പൊലിസ് വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും നിയന്ത്രണം വരും. പൊലിസ് വാഹനത്തില്‍ പ്രതികളെ ഉപദ്രവിക്കുന്നതും മേധാവികള്‍ക്ക് കാണാനാകും. സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയ്ക്കു മറ്റുള്ളവരെ ഏല്പിച്ച് മുങ്ങുന്നതും ഇനി മുതല്‍ പിടിക്കപ്പെടും. സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊലിസിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വലിയ തുകയാണ് ചെലവഴിക്കുന്നത്. പൊലിസ് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദിശയും സ്ഥലവും അറിയാന്‍ ജി.പി.എസ് സംവിധാനം നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."