ഇവരിപ്പോഴും പരിധിക്കു പുറത്തുതന്നെ
കൂടരഞ്ഞി: ഇന്ത്യ മുഴുവന്‍ ഡിജിറ്റലാകുമ്പോഴും കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള, മഞ്ഞക്കടവ് നിവാസികള്‍ ഇപ്പോഴും പരിധിക്ക് പുറത്തു തന്നെയാണ്.
വിവര സാങ്കേതിക വിദ്യ സര്‍വ സാധാരണയായതിനാല്‍ എല്ലാ വിവരങ്ങളും വിനിമയം ചെയ്യുന്നത് നെറ്റ്‌വര്‍ക്ക് സംവിധാനത്തിലൂടെയാണ്. നെറ്റ്‌വര്‍ക്ക് സംവിധാനമില്ലാത്തതിനാല്‍ കാലങ്ങളായി ജനങ്ങള്‍ വിവരവിനിമയത്തിന് തടസം നേരിടുകയാണ്. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ പോലും കൃത്യമായി സിഗ്നല്‍ നല്‍കുകയോ നിലനില്‍ക്കുകയോ ചെയ്യാറില്ല ഇവിടെ.
നെറ്റ് വര്‍ക്കില്ലാത്തതിനാല്‍ പെരുമ്പൂള, മഞ്ഞക്കടവ്, പൂതംകുഴി, കൂരിയോട്, ചുള്ളിയങ്കം, സ്രാമ്പി, മഞ്ഞക്കടവ്, കൂരിയാട് ആദിവാസി കോളനി, കുട്ടിപ്ലാശ്ശേരി, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ ജനജീവിതവും ഓഫിസ് പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. ഇതുമൂലം പല അവശ്യ രേഖകളും യഥാസമയം നല്‍കാന്‍ സാധിക്കുന്നില്ല. സര്‍ക്കാര്‍ ഓഫിസുകളിലേക്കും മേലധികാരികള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും കഴിയുന്നില്ല. ഈ ആവശ്യങ്ങള്‍ക്കായി ദൂരത്തുള്ള കൂടരഞ്ഞിയിലും തിരുമ്പാടിയിലും പോകണ്ടേ സാഹചര്യമാണുള്ളത്. മഞ്ഞക്കടവ് സ്‌കൂളില്‍ കംപ്യൂട്ടറുകളും പ്രൊജക്ടറുകളും ഉണ്ടെങ്കിലും നെറ്റ്‌വര്‍ക്ക് ഇല്ലാത്തതിന്റെ പേരില്‍ അവ നിശ്ചലമാണ്. കൂടാതെ പൊതുവിതരണ കേന്ദ്രം മാറ്റേണ്ട സാഹചര്യം വരെ വന്നിരിക്കുകയാണ്.
ഇത് പ്രദേശവാസികള്‍ക്ക് വലിയ രീതിയിലുള്ള ദുരിതമാണ് സൃഷ്ടിക്കുന്നത്. ഇതുമൂലം അപകടങ്ങള്‍ പോലും പുറംലോകത്തിനെ അറിയിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പ്രളയക്കാലത്ത് ഉരുള്‍പൊട്ടിയ കുളിരാമൂട്ടിയില്‍ നിന്ന് അധികം അകലയല്ല ഈ പ്രദേശം എന്നതും മറ്റൊരു വസ്തുതയാണ്. പ്രശ്‌ന പരിഹാരത്തിനായി അധികൃതര്‍ക്ക് ഭീമഹര്‍ജി നല്‍കിയിട്ടും പരിഹാരം കാണാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ സംവിധാനത്തിലോ മറ്റു സ്വകാര്യ നെറ്റ്‌വര്‍ക്ക് ഏജന്‍സി വഴിയോ പൂര്‍ണ കവറേജ് കിട്ടുന്ന ടവര്‍ സ്ഥാപിക്കാന്‍ ഇനിയെങ്കിലും അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."