വിഷമദ്യ ദുരന്തം പ്രതിക്ക് സജിത്തിനോടുള്ള വൈരാഗ്യം; ഇരയായത് മൂന്ന് നിരപരാധികള്‍
മാനന്തവാടി: പൊട്ടാസ്യം സയനൈഡ് കലര്‍ത്തിയ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു.
വെളിവായത് പ്രതി ആറാട്ടുതറയില്‍ താമസക്കാരനായ പാലത്തിങ്കല്‍ പി.പി സന്തോഷിന് മാനന്തവാടി ചുട്ടക്കടവിലെ സജിത്കുമാറിനോടുള്ള വൈരാഗ്യമെന്നത്.
ഈ മാസം മൂന്നാം തിയ്യതിയാണ് വെള്ളമുണ്ട വാരാമ്പറ്റ കാവുംകുന്ന് പട്ടികജാതി കോളനിയിലെ തിക്‌നായി(65), മകന്‍ പ്രമോദ്(35), സഹോദരി പുത്രന്‍ പ്രസാദ്(38) എന്നിവര്‍ വിഷമദ്യം കഴിച്ച് മരിച്ചത്.
കേസന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ സജിത്തിന് നേരെ സംശയങ്ങള്‍ ഉടലെടുത്തിരുന്നുവെങ്കിലും സന്തോഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സജിത്തിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ആസൂത്രിതമായി വിഷം കലര്‍ന്ന മദ്യം നല്‍കുകയായിരുന്നുവെന്ന് തെളിഞ്ഞത്.
സജിത്തില്‍ നിന്നും സന്തോഷ് 500 രൂപ കടം വാങ്ങിയിരുന്നു. ഇതിന് പകരമായി സജിത്ത് മദ്യം ആവശ്യപ്പെടുകയായിരുന്നു. മാനന്തവാടി ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിയ മദ്യം മാസങ്ങള്‍ക്ക് മുന്‍പ് സന്തോഷ് തമിഴ്‌നാട്ടില്‍ നിന്നും വാങ്ങി ഉപയോഗിച്ച് കഴിഞ്ഞ ശേഷം സൂക്ഷിച്ച് വച്ചിരുന്ന 1848 എന്ന ലേബലുള്ള കുപ്പിയിലേക്ക് മാറ്റുകയും സ്വര്‍ണ പണിക്കാരനായ സന്തോഷ് തന്റെ ഉടമസ്ഥനറിയാതെ കടയില്‍ നിന്നും കൈക്കലാക്കി സൂക്ഷിച്ചിരുന്ന സയനൈഡ് മദ്യത്തില്‍ കലര്‍ത്തി കഴിഞ്ഞ മാസം 28ന് മാനന്തവാടി നഗരത്തില്‍ വച്ച് ലീക്കുണ്ട് സൂക്ഷിക്കണം എന്ന് പറഞ്ഞ് സജിത്തിന് കൈമാറുകയുമായിരുന്നു.
ഈ മദ്യമാണ് മകളുടെ ചികിത്സാര്‍ഥം തിക്‌നായിയുടെ വീട്ടിലെത്തിയ സജിത്ത് നല്‍കിയത്. നാല് വര്‍ഷം മുന്‍പ് സന്തോഷിന്റെ ഭാര്യാ സഹോദരന്‍ സതീശന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം സജിത്തിന് സതീശന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധമാണെന്ന് പ്രചരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നിട് ഇതെല്ലാം എല്ലാവരും മറക്കുകയായിരുന്നു. രണ്ടുമാസം മുന്‍പ് സന്തോഷ് സതീശന്റെ ഡയറി അവിചാരിതമായി കാണാനിടയാവുകയും ഇതില്‍ ഒന്നാം പ്രതി സജിത്ത്, 'ഐ വില്‍ കില്‍ സജിത്ത് എന്ന് സതീശന്‍ എഴുതി വച്ചത് സന്തോഷ് വായിക്കുകയും ചെയ്തതോടെ തന്റെ ഭാര്യ സഹോദരന്റെ മരണത്തിന് കാരണം സജിത്ത് തന്നെയാണെന്ന് ഉറപ്പാക്കി. ഇതോടെ സന്തോഷിന്റെ മനസില്‍ സജിത്തിനോടുള്ള വൈരാഗ്യം പൊട്ടി മുളക്കുകയായിരുന്നു.
അടുത്ത കാലത്തായി തന്നില്‍ നിന്നും അകന്ന് കഴിയുന്ന ഭാര്യ സജിത്തിനൊപ്പം കാറില്‍ രണ്ടുമൂന്ന് തവണ യാത്ര ചെയ്യുന്നത് കാണാനിടയാകുകയും ചെയ്തതോടെ തന്റെ ഭാര്യയുമായും സജിത്തിന് അവിഹിത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിച്ചു. ഇതോടെയാണ് സജിത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
സജിത്ത് ഇടക്കിടെ തന്നെ കൊണ്ട് മദ്യം വാങ്ങിപ്പിക്കാറുണ്ടായിരുന്നതിനാല്‍ സജിത്ത് രഹസ്യമായി മദ്യപിക്കാറുണ്ടെന്ന ധാരണയിലാണ് ഇയാളെ ഇല്ലാതാക്കാന്‍ മദ്യത്തില്‍ വിഷം കലര്‍ത്താന്‍ തീരുമാനിച്ചത്. സയനൈഡ് സൂക്ഷിച്ചിരുന്ന കുപ്പിയും ബീവറേജില്‍ നിന്നും വാങ്ങിയ കുപ്പിയും കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ പ്രതിയുടെ വീടിന്റെ അടുക്കളയില്‍ നിന്നും പൊലിസ് കണ്ടെടുത്തു. വൈരാഗ്യത്തില്‍ ഇല്ലാതായത് മുന്ന് പേരും നിരാലംബരായത് രണ്ട് കുടുംബങ്ങളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."