ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം
ഹരിപ്പാട്: ബി.ജെ.പി ഹരിപ്പാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശബരിമല രക്ഷാ മാര്‍ച്ച് പൊലിസ് തടഞ്ഞു. തള്ളിക്കയറിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ലാത്തി വീശി.
ലാത്തിചാര്‍ജ്ജില്‍ എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് നിയോജകമണ്ഡലത്തില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല വിഷയത്തില്‍ ക്ഷേത്രാചാരവും വിശ്വാസവും സംരക്ഷിക്കാന്‍ തയാറാകാത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ 11:45 ഓടെ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ പാലമറ്റം, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രണവം ശ്രീകുമാര്‍, മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ് ശാന്തകുമാരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫിസ് പടിക്കലേക്ക് നയിച്ച മാര്‍ച്ചിലാണ് സംഘര്‍ഷം.
സംസ്ഥാന കൗണ്‍സില്‍ അംഗം ടി.മുരളി (52), മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ് ശാന്തകുമാരി (45), മണ്ഡലം വൈസ് പ്രസിഡന്റ് സുമാ രാജു (40), മണ്ഡലം ജനറല്‍ സെക്രട്ടറി പ്രണവം ശ്രീകുമാര്‍ (52), പ്രവര്‍ത്തകരായ രാജേന്ദ്രന്‍ (38), രാജേഷ് (37) ഷാജി (38) ജബ്ബാര്‍ (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രകടനക്കാരെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് വെച്ച് പൊലിസ് തടഞ്ഞു. മുന്നോട്ട് പോകരുതെന്ന് പറഞ്ഞ പൊലിസിനു നേരേ പ്രകടനക്കാര്‍ അക്രമാസക്തരായപ്പോഴാണ് ലാത്തിവീശിയതെന്ന് സി.ഐ ടി.മനോജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."