ഒ.ആര്‍.എസ് വാരാചരണം: ബോധവല്‍കരണം നടത്തി
തിരുവനന്തപുരം: മഴക്കാലത്ത് അധികമായി കണ്ടുവരുന്ന വയറിളക്കത്തിനുള്ള ശരിയായ പ്രതിവിധി ഒ.ആര്‍.എസ്. ലായനിയാണെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍.
ഒ.ആര്‍.എസ്. വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗവും ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് തിരുവനന്തപുരം ശാഖയും സംയുക്തമായി എസ്.എ.ടി. ആശുപത്രിയില്‍ സംഘടിപ്പിച്ച വയറിളക്ക രോഗങ്ങളെക്കുറിച്ചും പാനീയ ചികിത്സകളെക്കുറിച്ചുമുള്ള ബോധവല്‍കരണ പരിപാടിയിലാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വയറിളക്കം വന്ന കുട്ടികള്‍ക്ക് എത്രയും പെട്ടെന്ന് ഒ.ആര്‍.എസ്. ലായിനി നല്‍കുക വഴി ഏറെ ശിശു മരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇതോടനുബന്ധിച്ചു നടന്ന സെമിനാര്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. വി.ആര്‍. നന്ദിനി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എല്‍. നിര്‍മ്മല, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് കുഞ്ഞ്, പീഡിയാട്രിക് പ്രൊഫസര്‍ ഡോ. അജിത് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ ഒ.ആര്‍.എസ്. ലായിനിയുടെ ഉപയോഗക്രമത്തെപ്പറ്റി ക്ലാസെടുത്തു. ഇതോടൊപ്പം ഹെല്‍ത്ത് എക്‌സിബിഷനും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."