'പശുവിനെ ദേശീയമൃഗമാക്കണം'- ശുപാര്‍ശയുമായി രാജസ്ഥാന്‍ ഹൈക്കോടതി
ജയ്പൂര്‍: കേന്ദ്രത്തിന്റെ അറവ് നിയന്ത്രണത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശവുമായി രാജസ്ഥാന്‍ ഹൈക്കോടതി. പശുവിനെ അറക്കുന്നവര്‍ക്കുള്ള ശിക്ഷ മൂന്നു വര്‍ഷം തടവില്‍ നിന്ന് ജീവപര്യന്തമായി ഉയര്‍ത്തണമെന്നും കോടതി ശുപാര്‍ശ ചെയ്യുന്നു.
പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു സംഘടന നല്‍കിയ പൊതുതാത്പര്യഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.
കാലികളെ വില്‍ക്കുന്നതിനും അറക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേന്ദ്ര തീരുമാനം നാലാഴ്ചത്തേക്കു സ്റ്റേ ചെയ്തത്.
എന്നാല്‍ കന്നുകാലികളെ വില്‍ക്കരുതെന്നും കൊല്ലരുതെന്നും ഒരു നിയമത്തിലും പറഞ്ഞിട്ടില്ലെന്നും കന്നുകാലികളെ അറുക്കാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കേന്ദ്രവിജ്ഞാപനമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഉത്തരവില്‍ മൗലികാവകാശങ്ങളുടെ ലംഘനമില്ല. പൊതു താല്‍പര്യ ഹരജി നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
കേരളം, കര്‍ണാടക, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന നിലപാടുമായി മുന്നോട്ടു വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."