യുവാവിന്റെ കൊല: അന്വേഷണം എസ്.ഡി.പി.ഐയിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി ആദികടലായിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പൊലിസ് അന്വേഷണം എസ്.ഡി.പി.ഐയിലേക്ക്. ആദികടലായിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വെറ്റിലപ്പള്ളി സ്വദേശിയായ റഊഫ് എന്ന കട്ട റഊഫ് (28) ആണ് തിങ്കളാഴ്ച രാത്രി ആദികടലായി ക്ഷേത്രത്തിനു പിന്നിലെ റോഡില്‍ അക്രമികളുടെ വെട്ടേറ്റുമരിച്ചത്.
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കണ്ണൂര്‍സിറ്റി നീര്‍ച്ചാലിലെ ഫാറൂഖിനെ 2016 ഒക്ടോബര്‍ 13നു കൊലപ്പെടുത്തിയ കേസില്‍ പ്രതി കൂടിയായിരുന്നു റഊഫ്. ഇതിനു പ്രതികാരമെന്നോണം കൊല നടത്തിയെന്നാണു പൊലിസ് നിഗമനം. കഞ്ചാവ് കടത്ത് ഉള്‍പ്പെടെ 12 കേസില്‍ ഇയാള്‍ പ്രതിയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പൊലിസ് ചിലരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകം നടത്തിയവരെക്കുറിച്ച് പൊലിസ് സൂചന ലഭിച്ചതായി അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു. ബൈക്കില്‍ വീട്ടിലേക്കു പോവുകയായിരുന്ന റഊഫിനെ പന്ത്രണ്ടംഗ സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് കുറേസമയം രക്തംവാര്‍ന്ന് റോഡില്‍ കിടന്ന ഇയാളെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി ചാലയിലെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം റഊഫിന്റെ മൃതദേഹം കണ്ണൂര്‍സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."