പ്രമുഖ വ്യവസായിയെ കാണാതായി; നേത്രാവതി പുഴയില്‍ ചാടിയതായി വിവരം
മംഗളൂരു: പ്രമുഖ വ്യവസായിയും കഫേ കോഫി ഡേ സ്ഥാപകനുമായ സിദ്ധാര്‍ഥയെ കാണാതായി. ഇയാള്‍ നേത്രാവതി പുഴയില്‍ ചാടിയതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകരും പൊലിസും തിരച്ചില്‍ നടത്തി വരുന്നുണ്ടെങ്കിലും ഇന്നലെ രാത്രിവരെയും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സിദ്ധാര്‍ഥയ്ക്ക് 7,000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് പൊലിസ് പറയുന്നു. അതിനിടെ രണ്ട് ദിവസം മുന്‍പ് കഫേ കോഫി ഡേ ജീവനക്കാര്‍ക്ക് ഇയാള്‍ കത്ത് അയച്ചതായ വിവരവും പുറത്തു വന്നിട്ടുണ്ട്. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നാണ് കത്തില്‍ പറയുന്നതെന്നാണ് സൂചന.
ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദം തനിക്ക് ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും കത്തില്‍ പരാമര്‍ശം ഉള്ളതായും സൂചനയുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ഥ കത്തില്‍ പറയുന്നുവെന്നാണ് വിവരം.കര്‍ണാടക പൊലിസിനൊപ്പം മഞ്ചേശ്വരം കോസ്റ്റല്‍ പൊലിസും തിരച്ചില്‍ നടത്തി വരുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ നേത്രാവതി പുഴക്ക് സമീപത്തു നിന്നും ഇയാള്‍ മൊബൈല്‍ ഫോണില്‍ ആരെയോ വിളിക്കുകയും തുടര്‍ന്ന് പുഴയിലേക്ക് ചാടിയെന്നുമാണ് വിവരം. പൊലിസ് അന്വേഷണത്തില്‍ നേത്രാവതി പുഴയുടെ പരിധിയില്‍ സിദ്ധാര്‍ഥയുടെ മൊബൈല്‍ ആ സമയത്ത് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേ സമയം കനത്ത മഴയും നീരൊഴുക്കും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗളൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പോവുകയും ആയിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാല്‍ പുഴയില്‍ നല്ല അടിയൊഴുക്കുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.
അതിനിടെ രക്ഷാ പ്രവര്‍ത്തനത്തിന് കര്‍ണാടക കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണയുടെ മരുമകനാണ് സിദ്ധാര്‍ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."