പോരൂരില്‍ വ്യാപക നാശം
വണ്ടൂര്‍:കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും പോരൂരില്‍ വ്യാപക നാശ നഷ്ടം.പോരൂര്‍ കരുവാറ്റക്കുന്ന് പ്രദേശത്ത് അഞ്ചു വീടുകള്‍ തകര്‍ന്നു.കരുവാറ്റക്കുന്ന് പുലത്ത് ഇബ്രാഹീമിന്റെ വീടാണ് തൊട്ടടുത്ത കൂറ്റന്‍ മാവ് പൊട്ടിവീണ് തകര്‍ന്നത്.അപകട സമയത്ത് വീട്ടില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.അപകടത്തില്‍ വീടിന്റെ ചുമരും മുന്‍ഭാഗവും പാടെ തകര്‍ന്നു. വീട്ടിലെ സാധന സാമഗ്രികളും നശിച്ചിട്ടുണ്ട്. പള്ളിക്കുന്നിലെ മുട്ടത്തില്‍ ജമീലയുടെ വീടിനു മുകളിലും, വലിയ പീടിക ആമിനയുടെ വീടിനും സമീപത്തെ മേച്ചേരി സൈനബയുടെ വീടിന്റെ ഷെഡിനും മരങ്ങള്‍ വീണ് നാശ നഷ്ടമുണ്ടായി. ചേലക്കാട് മരം കടപുഴകി വീണ് കുരിക്കള്‍ ഹമീദിന്റെ വീടിനു മുന്പിലെ ഷെഡും തകര്‍ന്നു. കാരപ്പുറത്ത് കാറ്റില്‍ മരംവീണ് വാര്‍ഡ് അംഗം നീലേങ്ങാടന്‍ മുഹമ്മദ് ബഷീറിന്റെ വീടിനു മുന്പിലെ ഷെഡ് തകര്‍ന്നു. മരങ്ങള്‍ വീണ് കൊടക്കാടന്‍ അബൂബക്കറിന്റെ സണ്‍ സൈഡ്, തെങ്ങ് വീണ് വലിയ പീടിക അബ്ദുല്‍ കരീമിന്റെ വീടിന്റെ മേല്‍കൂര എന്നിവക്ക് കേടുപാടുകള്‍ പറ്റി. ചേലക്കാട് കോളനിയില്‍ തൊട്ടടുത്ത പറമ്പിലെ മരങ്ങള്‍ വീണ് പുതിയ ചോഴി ബാബുവിന്റെ വീടിനും നാശനഷ്ടങ്ങളുണ്ടായി.
കാറ്റില്‍ കൊടക്കാടന്‍ അബ്ദുല്‍ കരീമിന്റ തോട്ടത്തിലെ 20 റബര്‍ മരങ്ങള്‍ കടപുഴകി. കൊടക്കാടന്‍ അലവിക്കുട്ടി , കൊടക്കാടന്‍ അഹമ്മദ് കുട്ടി എന്നിവരുടെ നൂറ്റി അന്‍പതോളം കുലച്ച വാഴകളും കാറ്റില്‍ നശിച്ചു. വൈദ്യുതി തൂണുകളടക്കം തകര്‍ന്നതിനാല്‍ കരുവാറ്റക്കുന്ന്, താളിയംകുണ്ട് റോഡിലെ കാരപ്പുറം, കൊമ്പന്ചോല പ്രദേശങ്ങളില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. പോരൂര്‍ പള്ളിക്കുന്ന് ജുമാമസ്ജിദ് വളപ്പിലെ മരങ്ങള്‍ വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നതിനാല്‍ റോഡ് ഗതാഗതം പൂര്‍ണമായും മുടങ്ങി. രണ്ട് എച്ച്. ടി ലൈനുകളടക്കം 18 വൈദ്യുതി പോസ്റ്റുകള്‍ നശിച്ചതായി കെ.എസ്.ഇ.ബി അധികതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."