വണ്ടൂരിലെ ബാര്‍ ഹോട്ടല്‍ അടച്ചുപൂട്ടാന്‍ തീരുമാനം
വണ്ടൂര്‍:വണ്ടൂര്‍ പുളിക്കലിലെ ബാര്‍ ഹോട്ടല്‍ അടച്ചു പൂട്ടാന്‍ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായി. ഇതിനായി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. എന്നാല്‍ നിയമ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സ്ഥാപനം ഉടന്‍ അടച്ചു പൂട്ടാന്‍ നിയമ തടസങ്ങളുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
നിയമങ്ങള്‍ പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് യോഗം വിലയിരുത്തി. കൂടാതെ താമസിക്കുവാനുള്ള മുറികള്‍ക്കും, റെസ്റ്റോറന്റിനും ആനുപാതികമായ പാര്‍ക്കിംഗ് സൗകര്യമില്ലെന്നും, പഞ്ചായത്ത് ലൈസന്‍സിന് അപേക്ഷിച്ചപ്പോള്‍ ഉള്ളതില്‍ നിന്നും വഴി ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തിയെന്നും ,സ്ഥാപനത്തില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.
സ്ഥാപനത്തിന് പഞ്ചായത്ത് നല്‍കിയ ലൈസന്‍സില്‍ ഹോട്ടല്‍ നടത്തുവാന്‍ മാത്രമാണ് നിലവില്‍ അനുമതിയുള്ളത് എന്നതിനാല്‍ സ്ഥാപനം അടച്ചു പൂട്ടണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ പാലിച്ച് എന്‍. ഒ. സി നല്‍കിയ തീരുമാനം പുനര്‍പരിശോധിക്കാന്‍ എക്‌സൈസ് വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോഷ്‌നി കെ ബാബു പറഞ്ഞു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബാറിനെതിരേ ശക്തമായ പ്രതിഷേധമാണ് വിവിധ സംഘടനകളുടെ ഭാഗത്ത് നിന്നും ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."