കുടിവെള്ളമില്ലാതെ മഞ്ചേരിയിലെ രണ്ടായിരത്തോളം കുടുംബങ്ങള്‍
മഞ്ചേരി: മഞ്ചേരിയില്‍ കുടിവെള്ളമില്ലാതെ രണ്ടായിരത്തോളം കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നു. റോഡിന് അരികുഭിത്തി കെട്ടാന്‍ മണ്ണു നീക്കിയപ്പോള്‍ ജല അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി വീണതോടെയാണ് നിരവധി കുടുംബങ്ങള്‍ തീരാദുരിതത്തിലായത്. ചെരണിയില്‍നിന്നും പാലക്കുളം, എന്‍.എസ്.എസ് കോളജ് കുന്ന്, നെല്ലിക്കുത്ത് ഭാഗത്തേക്കുള്ള ജലവിതരണം ചെയ്യുന്ന പൈപ്പുകളാണ് തകര്‍ന്നത്.
ഇതോടെ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളമില്ലാതായത്. പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും ശരിയാക്കി പ്രദേശത്തുകാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ദിവസവും 700 രൂപ നല്‍കി വെള്ളം വാങ്ങിയാണ് ഇവര്‍ കഴിയുന്നത്. ഇത്രയും വലിയ തുക നല്‍കി വെള്ളം വാങ്ങാന്‍ സാധിക്കാതെ വന്നതോടെ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് നിരവധി നിര്‍ധന കുടുംബങ്ങള്‍.
കുടിവെള്ളം ഇല്ലാതായതോടെ പലരും കുടുംബ വീടുകളിലേക്ക് താമസം മാറി പോയിട്ടുമുണ്ട്. നെല്ലിക്കുത്ത്, പയ്യനാട് ഭാഗത്തെ 2,000 കുടുംബങ്ങള്‍ക്കുള്ള ജലവിതരണം പുനസ്ഥാപിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് അറിയുന്നത്. കുടിവെള്ള വിഷയം പരിഹരിക്കാന്‍ അധികൃതര്‍ തയാറാകാതിരുന്നതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. പൈപ്പുകള്‍ നന്നാക്കി കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭക്ക് പരാതി നല്‍കിയിരുന്നെങ്കിലും മുഖവിലക്കെടുക്കുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. ചെരണി ശാന്തപുരം വില്ലയ്ക്കു സമീപത്താണ് മരാമത്ത് വകുപ്പ് റോഡിന് അരികുഭിത്തി കെട്ടുന്നത്. ഭിത്തിയുടെ അടിത്തറ കെട്ടാനായി മണ്ണുമാന്തി ഉപയോഗിച്ചു മണ്ണ് നീക്കിയപ്പോഴാണ് രണ്ട് പൈപ്പുകള്‍ പൊട്ടിയത്. മറ്റൊരെണ്ണം അടര്‍ന്നു നില്‍ക്കുന്നുമുണ്ട്. ചെരണിയില്‍നിന്നു പാലക്കുളം, എന്‍.എസ്.എസ് കോളജ്കുന്ന്, നെല്ലിക്കുത്ത് ഭാഗത്തേക്കുള്ള ജലവിതരണമാണ് തടസപ്പെട്ടത്. ഭിത്തിനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കും.
ജലവിതരണ പൈപ്പ് പൊട്ടിയതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തി. താണിപ്പാറ കോളേജ് കുന്ന് ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചത്. കെ.ജവഹര്‍, വി.പി ഹസ്‌കര്‍, കബീര്‍ പഴതൊടിക, ജലീല്‍ തറമണ്ണില്‍, ഷാജി തേറമ്പത്ത് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."