എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മക്ക അമീര്‍; യാത്രയ്ക്കായി 20,000 ബസുകള്‍
#അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മക്ക അമീറും സഊദി കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന് വ്യക്തമാക്കി.
ഹജ്ജ് തീര്‍ഥാടനത്തിനു ശേഷം ഹാജിമാര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുന്നതു വരെയുള്ള മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ആഭ്യന്തര, വിദേശ ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.
തീര്‍ഥാടകരെ സേവിക്കുന്നത് അഭിമാനമായാണ് സഊദി കാണുന്നതെന്നും അതിനേക്കാള്‍ വലിയ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ , സിവില്‍ ഡിഫന്‍സ് വകുപ്പുകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആശുപത്രികളും അടിയന്തര കേന്ദ്രങ്ങളും പൂര്‍ണസജ്ജമാണ്. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തന സജ്ജമായി.
ഏത് അടിയന്തര ഘട്ടങ്ങളും നേരിടാന്‍ സജ്ജമായ ആരോഗ്യ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മിനയിലും അറഫയിലും മെഡിക്കല്‍ ലാബുകളും രക്ത ബാങ്കുകളും സജ്ജമാണ്. എട്ടു മെഡിക്കല്‍ ലാബുകളും എട്ടു രക്ത ബാങ്കുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഏതു തരത്തിലുള്ള രക്തവും ഇവിടെ സജ്ജമായിരിക്കും. ഹജ്ജ് സമയത്ത് തീര്‍ഥാടകരുടെ യാത്രയ്ക്കാവശ്യമായ സൗകര്യങ്ങള്‍ പൂര്‍ണസജ്ജമായതായി മഅയൂഫ് അല ഹര്‍ബി വ്യക്തമാക്കി. പുണ്യസ്ഥലങ്ങളെ ബന്ധപ്പെടുത്തി ഹജ്ജ് സമയത്ത് സര്‍വിസ് നടത്തുന്നതിന് ഇരുപത്തിനായിരത്തോളം ബസുകളാണ് ഒരുക്കിയിരിക്കുന്നത്.
17,41,000 തീര്‍ഥാടകര്‍ക്കാണ് ഈ ബസുകളില്‍ യാത്രാ സൗകര്യം ഉണ്ടാകുക.
പരാതികള്‍ അറിയിക്കുന്നതിനും ബസുകള്‍ നിരീക്ഷിക്കുന്നതിനും കണ്ട്രോള് റൂമില്‍ പ്രത്യേക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനകം പന്ത്രണ്ടു ലക്ഷത്തിലധികം വിദേശികളാണ് പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നത്.
പതിനൊന്ന് ലക്ഷത്തോളം തീര്‍ഥാടകര്‍ വിമാന മാര്‍ഗമാണ് എത്തിച്ചേര്‍ന്നത്. ഇന്ത്യയില്‍നിന്നു 400 വിമാന സര്‍വിസുകളിലായി 1,10,000 തീര്‍ഥാടകരും പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."