സാലറി ചലഞ്ചിനു പിന്നാലെ മേള ചലഞ്ച്
മലപ്പുറം: സ്‌കൂള്‍ മേളകള്‍ നടക്കാനിരിക്കെ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് വിദ്യാര്‍ഥികളില്‍നിന്ന് പണപ്പിരിവ് നടത്താന്‍ ഉദ്യോഗസ്ഥതലത്തില്‍ മൗനാനുവാദം. റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളില്‍നിന്ന് പണപ്പിരിവ് നടത്താന്‍ നീക്കം നടന്നതോടെയാണ് സ്‌കൂള്‍ മേളകള്‍ക്ക് പണപ്പിരിവ് നടത്താനുള്ള മൗനാനുവാദം പുറത്തായത്.
സബ്ജില്ലാ, ജില്ലാ മേളകളാണ് ജില്ലയില്‍ ഇനി നടക്കാനുള്ളത്. കലോത്സവം, കായികമേള, ശാസ്‌ത്രോത്സവം തുടങ്ങിയ മേളകളുടെ നടത്തിപ്പിനായി ലക്ഷക്കണക്കിന് രൂപയാണ് ചെലവുവരുന്നത്.
മേള നടത്തിപ്പിനായി നേരത്തെ ജില്ലയ്ക്ക് അനുവദിച്ചിരുന്ന തുക ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ തിരിച്ചുപടിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് അതത് മേളകളുടെ സംഘാടകരുടെ നേതൃത്വത്തില്‍ പണപ്പിരിവിന് ആലോചന നടക്കുന്നത്.
കഴിഞ്ഞ ദിവസം മക്കരപ്പറമ്പ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിലെ മത്സരാര്‍ഥികളില്‍നിന്ന് പണംപിരിക്കാന്‍ നീക്കം നടന്നത് വിവാദമായിരുന്നു. പണപ്പിരിവ് നടത്താന്‍ യാതൊരു തരത്തിലും നിര്‍ദേശം നല്‍കിയിട്ടില്ലെന്ന്് ഡി.ഡി ഓഫിസ് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക വൃത്തങ്ങള്‍ക്ക് അറിവുണ്ടെന്നാണ് വിവരം.
പണം നല്‍കുന്നവര്‍ക്ക് ഇതുസംബന്ധിച്ച് ഔദ്യോഗിക രസീത് നല്‍കാതെയാണ് പൈസ പിരിക്കാന്‍ ശ്രമം നടന്നത്. സാലറി ചലഞ്ചിനു പിന്നാലെ മേളകളുടെ നടത്തിപ്പും അധ്യാപക സംഘടനകളെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയായിരിക്കുകയാണ്. മേളകള്‍ ചെലവു ചുരുക്കി നടത്തണമെന്ന് പറയുന്നുണ്ടെങ്കിലും ഒഴിച്ചുകൂടാനാവാത്ത ചെലവുകള്‍ക്കുള്ള പണം എങ്ങിനെ കണ്ടെത്തുമെന്ന അങ്കലാപ്പിലാണ് അധ്യാപകര്‍. സംസ്ഥാനവിഹതമായി ജില്ലക്ക് എത്രതുക ലഭിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ യാതൊരു വ്യക്തതയും വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."