നഷ്ടപരിഹാരം നല്‍കിയില്ല: വിമാന കമ്പനിക്കെതിരേ വ്യാപാരികള്‍
അരീക്കോട് : ജില്ലാ ഉപഭോക്തൃ കോടതി വിധി പ്രകാരം തങ്ങള്‍ക്കനുവദിക്കപ്പെട്ട നഷ്ടപരിഹാരത്തുക നല്‍കാന്‍ തയാറാകാത്ത വിമാന കമ്പനിക്കെതിരേയും ട്രാവല്‍ ഏജന്‍സിക്കെതിരേയും നിയമ നടപടികള്‍ക്കൊരുങ്ങി വ്യാപാരികള്‍.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി.എ. നാസര്‍, ഏറനാട് മണ്ഡലം ജനറല്‍ സെക്രട്ടറി അല്‍മോയ റസാഖ്, അരീക്കോട് യൂനിറ്റ് ഭാരവാഹികളായ സി. മുഹമ്മദലി, എം.ടി. മുജീബ് റഹ്മാന്‍, എം.പി. അബ്ദുല്‍ നാസര്‍, പി.കെ. മെഹബൂബ്, ഷരീഫ് കളത്തിങ്ങല്‍, കെ.കെ. നാസര്‍ എന്നിവരാണ് ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍, മഞ്ചേരി സന്തോഷ് ട്രാവല്‍ സര്‍വീസ് എന്നിവക്കെതിരേ നാല് വര്‍ഷം നീണ്ടു നിന്ന കോടതി വ്യവഹാരത്തിന്റെ വിധി നടപ്പിലാക്കാത്തതിനാല്‍ കൂടുതല്‍ നിയമ നടപടിക്കൊരുങ്ങുന്നത്.
അഖിലേന്ത്യാ വ്യാപാര ബന്ദിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന പ്രകടനത്തില്‍ പങ്കെടുക്കുന്നതിനായി പരാതിക്കാര്‍ 2012 ഫെബ്രുവരി 19ന് നെടുമ്പാശേരി ഡല്‍ഹി ടിക്കറ്റും തിരിച്ചു വരുന്നതിനായി അതേ മാസം 24നും ടിക്കറ്റ് ബുക്ക് ചെയ്തു. ഡല്‍ഹിയിലേക്ക് പോവുമ്പോള്‍ പ്രശ്‌നമൊന്നും ഉണ്ടായില്ല. എന്നാല്‍ തിരിച്ചു പോരാന്‍ വിമാനത്താവളത്തിലെത്തിയ തങ്ങള്‍ക്ക് സാമ്പത്തിക, സമയ നഷ്ടവും മാനസിക പീഡനവും ഉണ്ടായെന്ന് പരാതിക്കാര്‍ പറയുന്നു. ടിക്കറ്റില്‍ പറയുന്ന പ്രകാരം ഉച്ചക്ക് 2.45 ന് ആയിരുന്നു ഡല്‍ഹി നെടുമ്പാശേരി ജെറ്റ് എയര്‍വേയ്‌സ് വിമാനം എടുക്കേണ്ടിയിരുന്നത്. ഇത് പ്രകാരം 1.51 ന് തന്നെ വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഇവര്‍ക്ക് ബോര്‍ഡിങ് പാസ് നിഷേധിച്ചു. വിമാനം എടുക്കുന്ന സമയം ഉച്ചക്ക് 2.25 ലേക്ക് മാറ്റിയെന്നും അതിനാല്‍ 1.40 ന് മുമ്പേ എത്തേണ്ടതായിരുന്നെന്നും പറഞ്ഞാണ് ഇവര്‍ക്ക് യാത്ര നിഷേധിച്ചത്. തങ്ങളുടെ തെറ്റല്ലെന്നും ടിക്കറ്റില്‍ അടിച്ചിരിക്കുന്ന സമയക്രമം അനുസരിച്ചാണ് തങ്ങള്‍ എത്തിയതെന്നും ജെറ്റ് എയര്‍വേയ്‌സ് അധികൃതരോടും സന്തോഷ് ട്രാവല്‍ സര്‍വീസ് അധികൃതരോടും പറഞ്ഞെങ്കിലും ഒരു ഫലവുമുണ്ടായില്ല.
അടുത്ത വിമാനത്തില്‍ നാട്ടിലെത്തിക്കാം എന്ന് പറഞ്ഞ് ഒരു മണിക്കൂര്‍ ഇരുത്തുകയും പിന്നീട് തിരിഞ്ഞ് നോക്കിയില്ലെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് വന്‍തുക മുടക്കി വൈകീട്ട് 6.30ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് യാത്ര നിഷേധിക്കപ്പെട്ട എട്ട് പേരും മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയില്‍ കേസ് കൊടുക്കുകയും നാല് വര്‍ഷത്തെ വ്യവഹാരത്തിനൊടുവില്‍ ടിക്കറ്റ് നിരക്കായ 79,640 രൂപ, നഷ്ടപരിഹാരമായി 80,000 രൂപ, കേസ് ചിലവിലേക്കായി 20,000 രൂപ, പലിശയായി 1,06,000 രൂപ എന്നിങ്ങിനെ പരാതിക്കാര്‍ക്ക് എതിര്‍ ഭാഗം നല്‍കാന്‍ വിധിയാവുകയും ചെയ്തു.
അഡ്വ. പി.എ. പൗരന്‍, അഡ്വ. നവാസ് ഖാന്‍ എന്നിവരാണ് വ്യാപാരികള്‍ക്കായി ഹാജരായത്.
എന്നാല്‍ വിധി വന്ന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും തങ്ങള്‍ക്കനുവദിക്കപ്പെട്ട തുക നല്‍കാന്‍ ജെറ്റ് എയര്‍വേയ്‌സോ സന്തോഷ് ട്രാവല്‍സോ തയാറായിട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."