സി.കെ മൊയ്തുട്ടി മുസ്‌ലിയാര്‍: വിടവാങ്ങിയത് കര്‍മോത്സുകനായ പണ്ഡിതശ്രേഷ്ഠന്‍
പി. മുസ്തഫ വെട്ടത്തൂര്‍
പെരിന്തല്‍മണ്ണ: കര്‍മോത്സുകത കൊണ്ട് ശ്രദ്ധേയനായ പണ്ഡിത ശ്രേഷ്ടനായിരുന്നു ഇന്നലെ വിടപറഞ്ഞ സി.കെ മൊയ്തുട്ടി മുസ്‌ലിയാര്‍. മൂന്നരപതിറ്റാണ്ടു കാലത്തോളം വിവിധ മഹല്ലുകളിലായി ഖാസിയും മുദരിസും വാഗ്മിയുമായി ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് നിറസാനിധ്യമായിരുന്നു അദ്ദേഹം. ആദര്‍ശ പ്രചാരണത്തിലും മഹല്ലുകാര്യങ്ങളിലും പ്രഭാഷണമികവിലൂടെയും ദിശാബോധം പകര്‍ന്ന അദ്ദേഹം സേവനവീഥിയില്‍ നിരവധി ശിഷ്യഗണങ്ങളെയും വാര്‍ത്തെടുത്തു.
ജീവിത ചിട്ടകൊണ്ടും കൃത്യനിഷ്ഠത കൊണ്ടും മാതൃകായോഗ്യനായിരുന്നു. കമ്മുസൂഫി മഹാനുഭാവന്റെ ചാരത്ത് സമൂഹത്തിനു മാര്‍ഗദര്‍ശനം നല്‍കി നിലകൊണ്ട മൊയ്തുട്ടി മുസ്‌ലിയാര്‍ അന്ത്യയാത്രയായതും സുബ്ഹി നിസ്‌കാരത്തിനുള്ള ഒരുക്കത്തിനിടെ പള്ളിയങ്കണത്തില്‍ തന്നെ. സുബ്ഹി നേരത്തു സുന്നത്ത് നിസ്‌കാരം നിര്‍വഹിച്ചു പ്രവാചക സുന്നത്തായ ചെരിഞ്ഞു കിടത്തത്തിലാണ് അദ്ദേഹം വിടപറഞ്ഞത്. തൂത എടായ്ക്കല്‍ ചെമ്മന്‍കുഴിയില്‍ മമ്മദ് ഹാജി-മറിയ ദമ്പതികളുടെ മകനായി 1955ലാണ് ജനനം. ഫൈസി ബിരുദം നേടി പത്തുവര്‍ഷം പുലാമന്തോള്‍ പാലൂരില്‍ മുദരിസായിരുന്നു. തുടര്‍ന്നു പെരിന്തല്‍മണ്ണ ടൗണ്‍ ജുമാമസ്ജിദ്, പട്ടാമ്പി ശങ്കരമംഗലം, പെരിന്തല്‍മണ്ണ കുമരംകുളം എന്നിവിടങ്ങളിലും സേവനം ചെയ്തു.
കല്ലൂര്‍ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ വിയോഗശേഷം 2008ലാണ് തെയ്യോട്ടുചിറയിലയിലെത്തുന്നത്. നിര്യാണവാര്‍ത്തയറിഞ്ഞു വന്‍ജനാവലി തെയ്യോട്ടുചിറയിലും സ്വദേശമായ തൂതയിലും എത്തിയിരുന്നു. തെയ്യോട്ടുചിറയില്‍ നടന്ന ജനാസ നിസ്‌കാരത്തിന് സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, സയ്യിദ് ഹുസൈന്‍ തങ്ങള്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന് രാവിലെ ഒന്‍പതോടെ ജനാസ തൂത എടായ്ക്കലിലെ വസതിയിലെത്തിച്ചു.
വീട്ടില്‍ നടന്ന ജനാസ നിസ്‌കാരങ്ങള്‍ക്ക് പാണക്കാട് യഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് സ്വാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍കുരുവമ്പലം, സയ്യിദ് കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, സയ്യിദ് പി.എം ശറഫുദ്ദീന്‍ തങ്ങള്‍ തൂത, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, പുത്തനങ്ങാടി ഖാസി കുഞ്ഞുട്ടി മുസ്‌ലിയാര്‍, സൈനുദ്ദീന്‍ മന്നാനി പാലൂര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പരിയാപുരം, ചെറുകര അസ്ഗര്‍ മുസ്‌ലിയാര്‍, ജലീല്‍ ഫൈസി കുമരംപുത്തൂര്‍, അബ്ദുറഹ്മാന്‍ ബാഖവി ചുങ്കത്തറ, ഹസൈനാര്‍ ബാഖവി, അബ്ദുമുസ്‌ലിയാര്‍ പാറല്‍, മുഹമ്മദ് സ്വാലിഹ് ഹുദവി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."