ഒരൊറ്റ ദിവസം 35 കോടി വൃക്ഷത്തൈകള്‍ നട്ട് എത്യോപ്യ
അഡിസ് അബാബ: 12 മണിക്കൂറിനുള്ളില്‍ 35 കോടി വൃക്ഷത്തൈകള്‍ നട്ട് ലോകത്തിന് മാതൃക കാട്ടുകയാണ് എത്യോപ്യ. വനനശീകരണത്തിനും കാലാവസ്ഥാ മാറ്റത്തിനുമെതിരേ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണിത്. തിങ്കളാഴ്ച 35,36,33,660 തൈകള്‍ രാജ്യത്ത് പല ഭാഗങ്ങളിലായി നട്ടുപിടിപ്പിച്ചതായി സാങ്കേതികവിദ്യാ മന്ത്രി ഗെറ്റാഹുന്‍ മെകൂരിയ പറഞ്ഞു.
ഇതൊരു ലോക റെക്കോര്‍ഡ് ആയിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 20 കോടിയാണ് നിലവിലെ റെക്കോര്‍ഡ്. ഒക്ടോബറിനകം രാജ്യത്താകെ 400 കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയെന്ന പ്രധാനമന്ത്രി അബീ അഹ്മദിന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമാണിത്. മേയിലാണിതിനു തുടക്കം കുറിച്ചത്.
ഇതിന്റെ ഭാഗമായി തിങ്കളാഴ്ച നിരവധി സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധി നല്‍കിയിരുന്നു. പുറത്തുപോയി നിങ്ങളുടെ അടയാളം സൃഷ്ടിക്കൂ എന്നായിരുന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.
ഇതിനകം രാജ്യത്ത് 260 കോടി തൈകള്‍ നട്ടു കഴിഞ്ഞതായി കൃഷി ഉദ്യോഗസ്ഥര്‍ പറയുന്നു. 19ാം നൂറ്റാണ്ടില്‍ 30 ശതമാനം കാടുണ്ടായിരുന്ന എത്യോപ്യയില്‍ ഇന്ന് നാലു ശതമാനം വനം പോലുമില്ലെന്ന് വനവല്‍ക്കരണത്തിനു നേതൃത്വം നല്‍കുന്ന ഫാം ആഫ്രിക്ക എന്ന സംഘടന ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യ കൂടിവരുന്നതാണ് കാടു വെട്ടിത്തെളിക്കുന്നതിന് ഒരു കാരണം. 2017ല്‍ രാജ്യത്ത് ആറര കോടി മരങ്ങള്‍ പിടിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു.
ഒരു ലക്ഷം കോടി മരങ്ങള്‍ ലോകമാകെ നട്ടുപിടിപ്പിച്ചെങ്കിലേ ആഗോളതാപനത്തെ നിയന്ത്രിക്കാനാവൂവെന്ന് ഈമാസം സ്വിസ് ശാസ്ത്രജ്ഞന്മാര്‍ ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്. അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്ന 75,000 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കാന്‍ ഇത്രയും മരങ്ങള്‍ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."