പാകിസ്താനില്‍ സൈനിക വിമാനം തകര്‍ന്ന് 18 മരണം
റാവല്‍പിണ്ടി: പാക് സൈനികവിമാനം പരിശീലനത്തിനിടെ തകര്‍ന്ന് ജനവാസ കേന്ദ്രത്തില്‍ വീണ് 18 മരണം. ഇന്നലെ നേരം പുലരുന്നതിനു മുന്‍പായിരുന്നു അപകടം. റാവല്‍പിണ്ടിക്കടുത്ത മോറകാലു ഗ്രാമത്തിലെ ആളുകള്‍ ശബ്ദം കേട്ടുണര്‍ന്ന് നോക്കുമ്പോള്‍ ഒരു തീപ്പന്തം ആകാശത്തു നിന്ന് താഴോട്ടു പതിക്കുന്നതാണ് കണ്ടത്. വിമാനത്തിലെ അഞ്ചു പേരും 13 ഗ്രാമീണരുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കുട്ടികളുമുണ്ട്. 12 പേര്‍ക്ക് പരുക്കേറ്റു.
മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും അതിനാല്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന വേണ്ടിവരുമെന്നും രക്ഷാസേന വക്താവ് ഫാറൂഖ് ഭട്ട് പറഞ്ഞു. ഉറക്കില്‍ നിന്നെഴുന്നേറ്റു നോക്കുമ്പോള്‍ വീടുകള്‍ കത്തുന്നതും മുകളില്‍ സൈനിക ഹെലികോപ്റ്റര്‍ വട്ടമിട്ടു പറക്കുന്നതുമാണ് കണ്ടതെന്ന് പ്രദേശവാസിയായ മുഹമ്മദ് സാദിഖ് പറഞ്ഞു. ഒരു കുടുംബത്തിലെ ഏഴുപേരും കത്തിയെരിഞ്ഞവരില് പെടും. തന്റെ സഹോദരിയുടെ വീടിനു മേല്‍ വിമാനഭാഗം പതിച്ച് അവരും ഭര്‍ത്താവും മൂന്നു മക്കളും മരിച്ചതായി മുഹമ്മദ് മുസ്തഫ എന്നയാള്‍ പറഞ്ഞു.
മൂന്നു വീടുകള്‍ പൂര്‍ണമായും നശിച്ചു. അതേസമയം, പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സൈനികവിമാനം പതിവു പരിശീലനത്തിലായിരുന്നെന്ന് സൈന്യം അറിയിച്ചു. 2016ല്‍ ഒരു പാക് വിമാനം കത്തി 40 പേര് മരിച്ചിരുന്നു. 2010ല്‍ വിമാനം കുന്നിലിടിച്ച് 152 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."