പൊന്നാനിയിലെ അപകടം: തന്‍സിയ യാത്രയായത് സ്കൂള്‍ മോഹം ബാക്കിവച്ച്
പൊന്നാനി: ഉമ്മവീട്ടിലേക്ക് നോമ്പ് തുറയ്ക്കു പോകുമ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചത് തന്‍സിയ എന്ന അഞ്ചു വയസുകാരിയായിരുന്നു. കാരണം അവളുടെ ആദ്യ സ്കൂള്‍ ദിനം ഇന്ന് തുടങ്ങുകയാണ്. കഥകള്‍ ഒരുപാട് പറയാനുണ്ടായിരുന്നു.
പക്ഷേ ഒരു നിമിഷനേരം കൊണ്ട് കണ്ടെയ്നര്‍ ലോറിയുടെ രൂപത്തില്‍ തന്‍സിയയുടെ സ്വപ്നങ്ങള്‍ വിധി പറിച്ചെടുത്തു. ഈ യാത്ര തന്റെ അവസാന യാത്രയാകുമെന്ന് അഞ്ചുവയസുകാരി തന്‍സിയ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. മരണം അപകടത്തിന്റെ രൂപത്തില്‍ തന്‍സിയയെ തട്ടിയെടുത്തപ്പോള്‍ ബാക്കിയായത് കടലോളം സ്വപ്നങ്ങളും ആകാശത്തോളം മോഹങ്ങളുമാണ്.തന്‍സിയ ഇന്ന് ആനപ്പടിയിലെ സ്കൂളില്‍ പോകാനിരുന്നതാണ്. ബാഗും കുഞ്ഞുടുപ്പുകളും വാട്ടര്‍ ബാഗും എല്ലാം വാങ്ങിവച്ചിരുന്നു ഉപ്പ താഹിര്‍.
ഉമ്മവീട്ടിലെത്തിയാല് എല്ലാവരോടും പുതിയ ബാഗിന്റെയും ഉടുപ്പിന്റെയും വിശേഷങ്ങള്‍ പറയുമെന്ന് പറഞ്ഞാണ് തന്‍സിയ ഉമ്മക്കും ഉപ്പക്കും കുഞ്ഞനിയത്തിക്കും ഒപ്പം വെളിയങ്കോട് നിന്നും നരിപ്പറമ്പിലേക്ക് ബൈക്കില്‍ പോയത്. മകളുടെ വിയോഗമറിഞ്ഞ വീട്ടുകാരും നാട്ടുകാരും ഇനിയും വിശ്വസിക്കാന്‍ തയാറായിട്ടില്ല. കുഞ്ഞനിയത്തി തഹ്ലിയക്ക് ഒരു പരുക്കും ഏല്ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഉമ്മ നസീമ ബോധം വന്നപ്പോള്‍ മക്കളെയാണ് ആദ്യം അന്വേഷിച്ചത്. യാഥാര്‍ഥ്യങ്ങള്‍ പറയാനാകാതെ ബന്ധുക്കളും കണ്ണീരണിഞ്ഞതോടെ ആശുപത്രിയില്‍ കൂട്ടക്കരച്ചിലായി. മോഹങ്ങളും സ്വപ്നങ്ങളും ബാക്കി വെച്ച് മകള്‍ പൊടുന്നനെ യാത്രപോയത് ഉള്‍കൊള്ളാന്‍ പിതാവ് ത്വാഹിറിന് ഇനിയും കഴിഞ്ഞിട്ടില്ല.
ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ കുഴങ്ങകയാണ് ബന്ധുക്കളും നാട്ടുകാരും. വെളിയങ്കോട് അങ്ങാടിയിലെ ബാര്‍ബര്‍ തൊഴിലാളിയാണ് ത്വാഹിര്‍. ബാഗും യൂണിഫോമും പുസ്തകങ്ങളും ബാക്കിയാക്കി മകള്‍ പോയത് ഉള്‍കൊള്ളാനാകാതെ തരിച്ചിരിക്കുകയാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."