മൊബൈല്‍ ടവര്‍ നിര്‍മാണം തടഞ്ഞ സമരക്കാരെ പൊലിസ് അടിച്ചൊതുക്കി
വാടാനപ്പള്ളി: നടുവില്‍ക്കര ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് തടഞ്ഞ സ്ത്രീകള്‍ അടക്കമുള്ള 38 പേരെ വാടാനപ്പള്ളി പൊലിസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന പൊലിസ് വാഹനം തടഞ്ഞ സ്ത്രീകള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് രണ്ടുമണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.
ജവാന്‍ കോളനിക്ക് സമീപത്താണ് മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത്. ടവര്‍ നിര്‍മാണത്തിനെതിരേ ഗ്രാമവാസികള്‍ സംഘടിച്ച് ജനകീയ സമിതിക്ക് രൂപം നല്‍കിയിരുന്നു. സമരപ്പന്തല്‍ കെട്ടി 38 ദിവസം മുന്‍പ് പ്രദേശവാസികള്‍ പ്രതിഷേധ പരിപാടികളും ആരംഭിച്ചിരുന്നു. ഇതിനിടയില്‍ ഇന്നലെ രാവിലെയാണ് നൂറോളം വരുന്ന പൊലിസ് സന്നാഹത്തോടെ ടവര്‍ സ്ഥാപിക്കാന്‍ എത്തിയത്.
പൊലിസ് സമരക്കാരെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ കുട്ടികളുമായി സ്ത്രീകള്‍ പൊലിസ് വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് വാഹനത്തിന് മുന്‍പില്‍ കിടന്ന് പ്രതിഷേധിച്ച ഇവരെ മാറ്റാന്‍ പൊലിസ് ശ്രമിച്ചപ്പോളാണ് മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വാഹനത്തില്‍വച്ച് തങ്ങളെ മര്‍ദിച്ചതായി സമരക്കാര്‍ പറയുന്നു. ജുബുമോന്‍, വിദ്യാധരന്‍, മദനന്‍, ബിനോജ്, ഷൈജു എന്നിവരെയാണ് പൊലിസ് മര്‍ദിച്ചത്.
പിടികൂടിയവരെ കൊണ്ടുപോയതിനുശേഷവും സമരം അവസാനിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് നിര്‍മാണത്തിനായി കൊണ്ടുവന്ന ജെ.സി.ബിക്ക് മുന്‍പില്‍ കിടന്നും സ്ത്രീകള്‍ പ്രതിഷേധിച്ചു. പിന്നീട് കൂടുതല്‍ വനിതാ പൊലിസുകാരെത്തി സ്ത്രീകളായ സമരക്കാരെയും കൊണ്ടുപോയി. എന്നാല്‍ വനിത പൊലിസ് അല്ലാത്തവരും പിടിച്ചുവലിച്ച് തള്ളിയതായി സമരത്തില്‍ ഉണ്ടായിരുന്ന റിംഷിയ പറഞ്ഞു. പൊലിസിന്റെ ബലപ്രയോഗത്തില്‍ പരുക്കേറ്റ ജാസ്മി, താഹിറ, റംഷിയ, ബേബി തുടങ്ങി ഇരുപതോളം വരുന്ന സ്ത്രീകളെയും, വയോധികരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരപ്പന്തലിലെ കസേരകളെല്ലാം വലിച്ചെറിഞ്ഞ് പൊലിസ് പിന്നിട് പന്തല്‍ പൊളിച്ചുനീക്കി. 16 സ്ത്രീകള്‍ അടക്കം 38 പേരെയാണ് എസ്.ഐ.എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്. സമരക്കാരെ മാറ്റിയ ശേഷം ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. പൊലിസിന്റെ ഭാഗത്തുനിന്ന് സമരക്കാര്‍ക്കുനേരെ ക്രൂരമായ മര്‍ദനം ഉണ്ടായതായി നേതാക്കള്‍ പറഞ്ഞു. അറസ്റ്റ് ചെയ്തവരെ വൈകിട്ട് മൂന്നോടെയാണ് വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."