മുസ്‌ലിം അവകാശത്തിന്മേല്‍ കത്തി വീണ കറുത്തദിനം
മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം രാജ്യസഭ ഇന്നലെ പാസാക്കി. ഇന്ത്യന്‍ മതനിരപേക്ഷതയുടെ നെഞ്ചകം പിളര്‍ത്തിയ കറുത്ത ദിനമായിരുന്നു ഇന്നലെ രാജ്യസഭയില്‍ പുലര്‍ന്നത്. പ്രതിപക്ഷ അംഗങ്ങളുടെ ഐക്യമില്ലായ്മയാണ് ബില്‍ പാസാക്കാന്‍ വഴിയൊരുങ്ങിയത്. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം വിശ്വാസമര്‍പ്പിച്ച കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി മുഴുവന്‍ പേരെയും സഭയില്‍ പങ്കെടുപ്പിക്കുന്നതില്‍ ജാഗ്രതക്കുറവ് കാണിച്ചു. അണ്ണാ ഡി.എം.കെയും ജെ.ഡി.യുവും സഭ ബഹിഷ്‌കരിച്ചു. തെലങ്കാന രാഷ്ട്ര സമിതി, മെഹ്ബൂബ മുഫ്ത്തിയുടെ പി.ഡി.പി, കോണ്‍ഗ്രസില്‍ നിന്നുള്ള അഞ്ച് അംഗങ്ങള്‍, എസ്.പി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളിലെ ചില അംഗങ്ങള്‍ എന്നിവര്‍ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ വാദിക്കുകയും എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ബില്‍ പാസാക്കാനുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്തു. മുസ്‌ലിംകള്‍ക്കൊപ്പമാണെന്ന് തോന്നിപ്പിക്കുകയും സംഘ്പരിവാര്‍ അനുകൂല നിലപാട് എടുക്കുകയും ചെയ്യുകയായിരുന്നു ഈ കക്ഷികള്‍.
വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിഭാഗവും അതത് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരേ മത്സരിച്ചവരും എതിര്‍ക്കുന്നവരുമാണ്. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടിയായിരുന്നു ഇവര്‍ അധികാരത്തില്‍വന്നത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ മുസ്‌ലിംകളെ ഇവര്‍ മറന്നു. ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുക എന്ന പ്രയോഗത്തെ അക്ഷരാര്‍ഥത്തില്‍തന്നെ ഇവരൊക്കെ ഇന്നലെ രാജ്യസഭയില്‍ സാക്ഷാല്‍കരിക്കുകയായിരുന്നു.
പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ ബാധ്യതയുള്ള കോണ്‍ഗ്രസാകട്ടെ മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിലാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്ന് പറഞ്ഞ് പിലാത്തോസാവുകയും ചെയ്തു. ഇതോടെ രാജ്യസഭയിലും മോദി സര്‍ക്കാരിന് പ്രതിരോധം ഇല്ലാതായിരിക്കുകയാണ്. ഇനി ഇരുസഭകളിലെയും പ്രതിനിധികള്‍ മോദിയുടെ അപ്രമാദിത്വത്തിന് മുന്നില്‍ നമ്രശിരസ്‌കരാവും.
കോണ്‍ഗ്രസിന് ഒരു ഉറച്ച സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ കഴിയില്ല എന്ന ഉള്‍ക്കാഴ്ചയോടെയായിരിക്കണം ബഹുഭൂരിപക്ഷം സമ്മതിദായകരും ബി.ജെ.പി സര്‍ക്കാരിന് രണ്ടാമതൊരു അവസരവുംകൂടി നല്‍കിയിട്ടുണ്ടാവുക. എന്നാല്‍ തങ്ങള്‍ക്ക് ഉറച്ച ഒരു പ്രതിപക്ഷവും ആകാന്‍ കഴിയില്ല എന്ന് കോണ്‍ഗ്രസ് ലോക്‌സഭയിലും രാജ്യസഭയിലും തെളിയിച്ചുകൊണ്ടിരിക്കുന്നു. നൂലറ്റ പട്ടംപോലെ അനിശ്ചിതാവസ്ഥയുടെ പുറമ്പോക്കില്‍ അലയുകയാണ് ആ പാര്‍ട്ടിയുടെ നേതൃത്വം ഇന്ന്.
സ്വന്തം ഭാര്യമാരെ അനാഥത്വത്തിന്റെ പാഴ്ഭൂമിയിലേക്ക് തള്ളിക്കൊണ്ടാണ് ഭരണാധികാരികള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി വ്യാജ നീതി നിയമം പാസാക്കിയിരിക്കുന്നത്. സുപ്രിംകോടതി അസാധുവായി പ്രഖ്യാപിച്ച മുത്വലാഖിനെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഇന്നലെ അതേ കോടതിയുടെ പേരില്‍ ക്രിമിനല്‍ കുറ്റമാണെന്ന് പ്രഖ്യാപിച്ച് രാജ്യസഭയില്‍ ബില്‍ പാസാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന മുസ്‌ലിംകള്‍ക്ക് നല്‍കിയ, ശരീഅത്ത് നിയമം അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന്മേല്‍ ഇന്നലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ കത്തിവച്ചതോടെ ഏകസിവില്‍ കോഡിലേക്ക് ഒരുചുവട്കൂടി നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ട്‌പോയിരിക്കുകയാണ്. ബില്ലിനെതിരേ ശക്തമായി പൊരുതേണ്ട പ്രതിപക്ഷം ചടങ്ങിന് വേണ്ടി മാത്രമാണ് ഇന്നലെ എതിര്‍ ശബ്ദമുയര്‍ത്തിയത്. ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്ത്യത്തിനാണ് തങ്ങള്‍ നാന്ദികുറിക്കുന്നതെന്ന് അവരോര്‍ത്തില്ല.
മുസ്‌ലിം ചെറുപ്പക്കാരുടെ നിശബ്ദ നിലവിളികള്‍ക്കായിരിക്കും ഇനി ഇന്ത്യ സാക്ഷിയാവുക. വരാനിരിക്കുന്നതാകട്ടെ ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തെ സംബന്ധിച്ചിടത്തോളം കനല്‍ക്കാലവും. ധാര്‍മികതയില്ലാത്ത മനുഷ്യര്‍ ഈ ലോകത്ത് അഴിച്ചുവിട്ട കാട്ടുമൃഗങ്ങളാണെന്ന, പ്രശസ്ത ഫ്രഞ്ച് ചിന്തകനും നോവലിസ്റ്റുമായ ആല്‍ബര്‍ട്ട് കാമ്യുവിന്റെ നിരീക്ഷണം ഇന്ത്യയിലാണിപ്പോള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നത്. അത്തരം ആളുകള്‍ ഭരണാധികാരികള്‍ കൂടിയാകുമ്പോള്‍ ഒരു രാജ്യത്തിന്റെ അധഃപതനവും ആരംഭിക്കുകയായി.
ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളില്‍ വിധി നല്‍കേണ്ട മുസ്‌ലിം പണ്ഡിതരെയും മുസ്‌ലിം വ്യക്തി നിയമബോര്‍ഡിനെയും അകലേക്ക് മാറ്റി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിരുന്ന് ഏതാനുംപേര്‍ മുത്വലാഖ് നിയമം എഴുതി തയാറാക്കിയത് അവരുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമായിരുന്നു. ഇനി രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് ഒപ്പിട്ടാല്‍ ഈ ബില്‍ നിയമമാകും.
2017ല്‍ ആണ് ബി.ജെ.പി സര്‍ക്കാര്‍ ഈ ബില്‍ ആദ്യമായി ലോക്‌സഭയില്‍ തുറന്നിട്ടത്. ഇസ്‌ലാമിന്റെ പേരില്‍ അവതരിപ്പിച്ച ഇത്തരമൊരു ബില്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന് അന്ന് തന്നെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിയതുമാണ്. ഭരണഘടനാ ശില്‍പികളും ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇസ്‌ലാമിക വ്യക്തിനിയമമനുസരിച്ച് ജീവിക്കാനുള്ള അവകാശം മുസ്‌ലിംകള്‍ക്കുണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. ബില്‍ മൂന്നാം തവണ രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ കഴിഞ്ഞതിലൂടെ ഇതിനെ സംഘ്പരിവാര്‍ സര്‍ക്കാര്‍ വലിയ രാഷ്ട്രീയ വിജയമായി ആഘോഷിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇത് മുതല്‍ക്കൂട്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
84ന് എതിരെ 99 വോട്ടുകള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ ഈ ബില്‍ പാസാക്കിയതിലൂടെ ശരീഅത്ത് നിയമം അനുസരിച്ച് മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍പറ്റാത്ത ഒരവസ്ഥക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഭരണഘടനയും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ഘട്ടംഘട്ടമായി കണ്‍മുന്നില്‍നിന്ന് മായുന്ന ഒരുദിനം ഏറെ അകലെയല്ല എന്നാണ് ഈ ബില്‍ പാസാക്കിയതിലൂടെ ബി.ജെ.പി നല്‍കുന്ന സന്ദേശം. ഘര്‍വാപസിയില്‍ തുടങ്ങി, പശുവിറച്ചിയുടെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ജയ്ശ്രീറാം കൊലവിളിയിലൂടെ സംഘ്പരിവാര്‍ സര്‍ക്കാര്‍ ഇന്ത്യന്‍ മതേതരത്വത്തെ ചവിട്ടിമെതിച്ച് മുന്നേറുമ്പോള്‍ ഐക്യത്തോടെ മതേതരത്വത്തിനായുള്ള പോരാട്ടം മാത്രമാണ് മുന്നിലുള്ള വഴി. ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായ മുത്വലാഖ് ക്രിമിനല്‍ നിയമം ഉണങ്ങാത്ത ഒരു മുറിവായി ഇന്ത്യന്‍ മുസ്‌ലിം മനസുകളുടെ ആഴങ്ങളില്‍ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."