പ്രതീക്ഷയ്ക്കൊപ്പം ആശങ്കകളുമായി തീരം
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍.
ബോട്ടുകളുടെയും വലയടക്കമുള്ള മറ്റ് സാമഗ്രികളുടെയും അറ്റകുറ്റപ്പണികളും പെയിന്റിങ്ങുമൊക്കെയായി ഹാര്‍ബറുകള്‍ കഴിഞ്ഞദിവസങ്ങളില്‍തന്നെ സജീവമായിക്കഴിഞ്ഞിരുന്നു. എന്നാല്‍, മത്സ്യലഭ്യത കുറവാകുമെന്ന ആശങ്കയും തൊഴിലാളികള്‍ക്കുണ്ട്. അതേസമയം, മത്സ്യബന്ധന യാനങ്ങളുടെ ലൈസന്‍സ് ഫീസ് അടക്കമുള്ളവ വര്‍ധിപ്പിച്ചതിനെതിരായ പ്രതിഷേധം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ശക്തമാണ്. ചെറിയ വള്ളങ്ങള്‍ക്ക് 200ല്‍നിന്ന് 2001 രൂപയായും വലിയ വള്ളങ്ങള്‍ക്ക് 5000ല്‍ നിന്ന് 52,500 രൂപയിലേക്കുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ലൈസന്‍സ് ഫീസിന്റെ പത്തിരട്ടിയിലധികമുള്ള വര്‍ധനവ് വലിയ പ്രഹരമാണ് ഏല്‍പ്പിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
വലകള്‍ നന്നാക്കാനും മറ്റുമായി വലിയ തുക തന്നെ ചെലവാകുന്നുണ്ട്. വലിയ ബോട്ടിന്റെ നവീകരണത്തിന് നാലുലക്ഷം വരെ ചെലവുവരും. ഇതിനുപുറമെ ആറുമാസം കൂടുമ്പോള്‍ പെയിന്റടിച്ചില്ലെങ്കില്‍ തുരുമ്പു കയറിത്തുടങ്ങും. പെയിന്റ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ക്ക് വില കൂടിയതും വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ട്രോളിങ് നിരോധനം ആരംഭിക്കുന്ന സമയത്തെക്കാള്‍ ഡീസലിന് ഇതുവരെ മൂന്നുരൂപ കൂടിയിട്ടുണ്ട്. ഇതിനുപുറമെ തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 108 രൂപയില്‍നിന്ന് 480 ആക്കിയിട്ടുണ്ടെന്നും തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."