ഉടന്‍ തിരിച്ചെടുക്കില്ല; സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
തിരുവനന്തപുരം: ഉടന്‍ സര്‍വിസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പ് സെക്രട്ടറിക്കുമാണ് ഇ- മെയില്‍ വഴി കത്തയച്ചത്.
അതേസമയം, ജേക്കബ് തോമസിനെ ഉടന്‍ സര്‍വിസില്‍ തിരിച്ചെടുക്കില്ല. വിധിക്കെതിരേ അപ്പീല്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. അഡ്വക്കേറ്റ് ജനറലിനെയും നിയമ സെക്രട്ടറിയെയും ഇതിനായി ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ജേക്കബ് തോമസിനെ ഉടന്‍ സര്‍വിസില്‍ പ്രവേശിപ്പിച്ചാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് പറയുന്നതിന് തുല്യമാകും. അതിനാലാണ് അപ്പീലുമായി കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ജേക്കബ് തോമസ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. സര്‍ക്കാരിനെതിരേ പ്രസംഗിച്ചതിന് 2017 ഡിസംബര്‍ 20നായിരുന്നു ആദ്യ സസ്‌പെന്‍ഷന്‍. പിന്നാലെ പുസ്തകമെഴുതിയതിനും സസ്‌പെന്‍ഷനിലായി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കുന്നതിന് സ്വയംവിരമിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ ഉടക്കിടുകയായിരുന്നു. ജേക്കബ് തോമസിന് 2020 മെയ് വരെ കാലാവധിയുണ്ട്.
യു.ഡി.എഫ് യോഗത്തിലും കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ പോര്
ഇരുവിഭാഗത്തിലെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു
തിരുവനന്തപുരം: യു.ഡി.എഫ് യോഗവും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തമ്മിലടിക്ക് വേദിയായി. പി.ജെ ജോസഫ് വിട്ടുനിന്ന യോഗത്തില്‍ ആ വിഭാഗത്തെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ് പങ്കെടുത്തു.
മറുഭാഗത്തുനിന്ന് ജോസ് കെ.മാണിയും റോഷി അഗസ്റ്റിന്‍ എം.എല്‍.എയുമാണ് പങ്കെടുത്തത്. കെ.എം മാണിക്ക് പകരക്കാരനായാണ് റോഷി അഗസ്റ്റിനെ ജോസ് കെ.മാണി യു.ഡി.എഫ് യോഗത്തിലേക്ക് കൊണ്ടുവന്നത്. മോന്‍സിനൊപ്പം ജോയ് എബ്രഹാമും യോഗത്തിനെത്തി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തത് സംബന്ധിച്ച് മോന്‍സ് ജോസഫ് യോഗത്തില്‍ പരാതി പറഞ്ഞു. ശരിയായ രീതിയിലല്ലായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നാണ് മോന്‍സ് യോഗത്തെ അറിയിച്ചത്. തുടര്‍ന്ന് ജോയ് എബ്രഹാം ഇതിന് മറുപടി പറയുകയായിരുന്നു.
ആരോപണവും മറുപടിയും ആയതോടെ യു.ഡി.എഫ് നേതൃത്വം വിഷയത്തില്‍ ഇടപെട്ടു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം ആരോപണം ഉന്നയിക്കാനുള്ള വേദിയല്ല ഇതെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ കൈക്കൊണ്ടത്.
പാല മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് അടുത്തുവരികയാണെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നുമുള്ള പൊതുവികാരമാണ് മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ കൈക്കൊണ്ടത്. തുടര്‍ന്നാണ് കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമം നടത്താന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പി.ജെ ജോസഫുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. എന്നാല്‍, വ്യക്തിപരമായ അസൗകര്യം കാരണമാണ് പി.ജെ ജോസഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പ്രശ്‌നങ്ങള്‍ ഉപതെരഞ്ഞെടുപ്പുകള്‍ക്കു മുന്‍പ് പരിഹരിക്കുന്നതിനുള്ള ശ്രമമാകും ഇനി കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."