സര്‍ക്കാരിനും സി.പി.ഐക്കും രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെയും സി.പി.ഐയെയും രൂക്ഷമായി വിമര്‍ശിച്ച് യു.ഡി.എഫ് യോഗം. മൂന്നേകാല്‍ വര്‍ഷത്തെ ഭരണംകൊണ്ട് പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ സമസ്തമേഖലകളെയും തകര്‍ത്തതായി യു.ഡി.എഫ് യോഗം വിലയിരുത്തി.
സ്വന്തം പാര്‍ട്ടിയുടെ എം.എല്‍.എയെ തല്ലിച്ചതച്ചിട്ടും ചോദ്യം ചെയ്യാന്‍പോലും കഴിയാത്ത ഗതികേടിലാണ് സി.പി.ഐയെന്ന് യോഗം വിമര്‍ശിച്ചു. സംഭവത്തില്‍ പ്രതികരിക്കാത്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തനിക്കെതിരേ പോസ്റ്ററൊട്ടിച്ച സ്വന്തം അനുയായികളെ പൊലിസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കാന്‍ മറന്നില്ല.
അധികാരത്തിന്റെ രുചി ആസ്വദിക്കുന്നതില്‍ ലയിച്ചിരിക്കുന്ന സി.പി.ഐ സ്വയം പ്രതിരോധിക്കാന്‍പോലും കഴിയാത്ത ദയനീയാവസ്ഥയിലേക്ക് നിലംപതിച്ചിരിക്കുകയാണെന്ന് യോഗം വിമര്‍ശിച്ചു.
കയറൂരിവിട്ടതിന്റെ ഫലമായി സംസ്ഥാനത്ത് പൊലിസ് അതിക്രമങ്ങള്‍ വര്‍ധിച്ചു. കസ്റ്റഡി കൊലപാതകങ്ങളും മൂന്നാംമുറയും നിത്യസംഭവങ്ങളായി മാറി. സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിനെയും പ്രവര്‍ത്തകരെയും തല്ലിച്ചതച്ച ലാത്തിച്ചാര്‍ജില്‍ വീഴ്ചപറ്റിയെന്ന് വ്യക്തമാക്കുന്ന കലക്ടറുടെ റിപ്പോര്‍ട്ട് പൊലിസ് അതിരുവിടുകയാണെന്നതിന്റെ തെളിവാണെന്നും യോഗം വിലയിരുത്തി. പി.എസ്.സിയുടെയും യൂനിവേഴ്‌സിറ്റി പരീക്ഷകളുടെയും വിശ്വാസ്യത നഷ്ടമായിരിക്കുന്നു.
പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട യു.ഡി.എഫ് യോഗം ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. സ്ത്രീസുരക്ഷയെക്കുറിച്ച് മുതലക്കണ്ണീരൊഴുക്കി അധികാരത്തിലേറിയ ഇടതുമുന്നണി സര്‍ക്കാരിന് കീഴില്‍ സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും പെരുകുകയാണ്.
കാട്ടാക്കടക്ക് സമീപം അമ്പൂരിയില്‍ രാഖിയെന്ന പെണ്‍കുട്ടിയെ കുഴിച്ചുമൂടിയ സംഭവം ഇതിന് ഉദാഹരണമാണ്. പൊലിസിന്റെ അതിക്രമങ്ങള്‍ക്ക് ഭരണനേതൃത്വം തണലേകുന്നതാണ് കസ്റ്റഡി മരണങ്ങള്‍ പെരുകാന്‍ കാരണമായത്. ആരെ പിടികൂടി കൊലപ്പെടുത്താനും മടിക്കേണ്ടതില്ലെന്ന സന്ദേശം കാരണമാണ് നെടുങ്കണ്ടത്ത് വീണ്ടും കസ്റ്റഡി മരണമുണ്ടായതെന്നും യോഗം ആരോപിച്ചു. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ജനദ്രോഹനയങ്ങള്‍ തുടരുകയാണ്. പെട്രോളിനും ഡീസലിനും അധിക എക്‌സൈസ് തീരുവ ചുമത്തി ജനങ്ങളെ പ്രഹരിക്കുകയാണ്.
പുതിയ കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായി തഴഞ്ഞതായും യോഗം വിലയിരുത്തി. ശുഹൈബ് വധം സി.ബി.ഐ അന്വേഷിച്ചാല്‍ യഥാര്‍ഥ വിവരം പുറത്തുവരുമെന്ന് ഭയന്നാണ് അതിനെ എതിര്‍ക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പ്രമുഖ അഭിഭാഷകരെ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് സി.ബി.ഐ അന്വേഷിക്കാതിരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."