ശമ്പളവും പെന്‍ഷനും ഓണത്തിനുശേഷം ട്രഷറിയിലൂടെ: മന്ത്രി
കൂരാച്ചുണ്ട്: ഓണത്തിനുശേഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ട്രഷറിയിലിടുന്ന രീതി ആവിഷ്കരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്. കൂരാച്ചുണ്ടില്‍ സംസ്ഥാനത്തെ 199-ാമത് സബ് ട്രഷറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രഷറിയിലെ പണത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് എത്രവേണമെങ്കിലും പിന്‍വലിക്കാം. സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യാം. ട്രഷറിയില്‍ നിലനിര്‍ത്തിയാല്‍ ബാങ്കിനേക്കാള്‍ ഒരു ശതമാനം അധികം പലിശ ലഭിക്കും എന്ന മെച്ചവുമുണ്ട്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമായി ഒരു വര്‍ഷം 30,000 കോടി രൂപയാണ് നല്‍കുന്നത്. ഇതില്‍ മൂന്നിലൊന്ന് തുകയെങ്കിലും ട്രഷറിയില്‍ നിലനിര്‍ത്താമെന്നാണ് സര്‍ക്കാര്‍ പ്രത്യാശിക്കുന്നത്. ഈ പണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകും. ഇപ്പോള്‍ ട്രഷറിയിലിട്ട പണം അതേ ട്രഷറിയില്‍ നിന്നുതന്നെ പിന്വലിക്കണമെന്നുണ്ട്. എന്നാല്‍ കോര്‍ബാങ്കിങ് സംവിധാനം ട്രഷറിയില്‍ കൂടി ഏര്‍പ്പെടുത്തുന്നതോടെ ഏതു ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പുരുഷന് കടലുണ്ടി എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ്, ട്രഷറി ഡയറക്ടര്‍ ജെ.സി ഷീല, ജില്ലാ ട്രഷറി ഓഫിസര്‍ പി. സവിതാദേവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."