കോളജുകളില്‍ സിലബസ് പരിഷ്‌കരണം അടുത്തവര്‍ഷം: ജലീല്‍
തിരുവനന്തപുരം: എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കോളജുകളില്‍ അടുത്ത അധ്യയനവര്‍ഷം തന്നെ സിലബസ് പരിഷ്‌കരണം നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.
പരീക്ഷാ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും അടിമുടി പരിഷ്‌കരണം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ എയ്ഡഡ്, സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍, എം.ബി.എ, എം.സി.എ കോളജുകളിലെ മാനേജര്‍മാരുടേയും പ്രിന്‍സിപ്പല്‍മാരുടേയും യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിലബസ് പരിഷ്‌കരണം സംബന്ധിച്ച് എന്‍ജിനീയറിങ് കോളജുകളിലും പോളിടെക്‌നിക്കുകളിലും ഇതോടനുബന്ധിച്ച് ശില്‍പശാലകള്‍ സംഘടിപ്പിക്കും. മോഡല്‍ കരിക്കുലം ചട്ടക്കൂടില്‍ നിന്നുകൊണ്ട് പരമാവധി വിദ്യാര്‍ഥികളെ സഹായിക്കുന്ന രീതിയിലുള്ള പരിഷ്‌കരണം കെ.ടി.യുവിലും കൊണ്ടുവരും. എന്‍ട്രന്‍സ് പരീക്ഷാ കലണ്ടര്‍ അടിയന്തിരമായി പരിഷ്‌കരിക്കും. നൂതന കോഴ്‌സുകള്‍ തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്ന സൗകര്യങ്ങളുള്ള സ്ഥാപനങ്ങളെ പരിഗണിക്കും. പെര്‍മനന്റ് അഫിലിയേഷന്‍ നടപടികള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഫോര്‍ ദി സ്റ്റുഡന്റ്‌സ്' എന്ന പേരില്‍ മന്ത്രിയുടെ ഓഫിസില്‍ വെബ്‌പോര്‍ട്ടല്‍ ആരംഭിക്കും. ഇവിടെ ലഭിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കോ സര്‍വകലാശാലകളിലോ കൈമാറുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."