ഡി.ജി.പിയുടെ പ്രശംസാ ഫലകം ഇനി എളുപ്പമാവില്ല; പ്രത്യേക സ്റ്റാന്റിങ് കമ്മിറ്റി തീരുമാനിക്കും
തൊടുപുഴ: വിശിഷ്ട സേവനത്തിനുള്ള സംസ്ഥാന പൊലിസ് മേധാവിയുടെ പ്രശംസാ ഫലകം (കമ്മന്റേഷന്‍ ഡിസ്‌ക്ക് ) ഇനി പ്രത്യേക സ്റ്റാന്റിങ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം മാത്രം. ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കി.
ആംഡ് പൊലിസ് ബറ്റാലിയന്‍ അംഗങ്ങള്‍, ഇന്ത്യ റിസര്‍വ് ബെറ്റാലിയന് കീഴിലെ കേരളാ പൊലിസ് തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍, നക്‌സല്‍ വിരുദ്ധ സേന (ആന്റി നക്‌സല്‍ ഫോഴ്‌സ്) എന്നിവരുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡി.ജി.പി കമ്മന്റേഷന്‍ ഡിസ്‌ക്ക് സമ്മാനിക്കുന്നത്.
ആംഡ് പൊലിസ് ബെറ്റാലിയന്‍ എ.ഡി.ജി.പി ചെയര്‍മാനായുള്ള സ്റ്റാന്റിങ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ഇനി കമ്മന്റേഷന്‍ ഡിസ്‌ക്കിന് തെരഞ്ഞെടുക്കുന്നത്. ആംഡ് പൊലിസ് ബെറ്റാലിയന്‍ ഐ.ജി, ഡി.ഐ.ജി, ഹെഡ് ക്വാര്‍ട്ടേഴ്‌സ് പൊലിസ് സൂപ്രണ്ട് എന്നിവര്‍ സ്റ്റാന്റിങ് കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
പരമാവധി 50 പേര്‍ക്കാണ് ഒരു വര്‍ഷം കമ്മന്റേഷന്‍ ഡിസ്‌ക്ക് സമ്മാനിക്കുന്നത്. ഇത് സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്തും. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി വ്യക്തികള്‍ക്ക് അഭിനന്ദന കത്ത് (ലെറ്റര്‍ ഓഫ് അപ്രീസിയേഷന്‍) നല്‍കും. അതാത് മേലുദ്യോഗസ്ഥരാണ് ഇത് നല്‍കുക. ഐ.പി.എസ് ഓഫിസര്‍മാര്‍ക്കുള്ള ലെറ്റര്‍ ഓഫ് അപ്രീസിയേഷന്‍ ഡി.ജി.പി നല്‍കും.
ക്യാഷ് അവാര്‍ഡ്, ഗുഡ് സര്‍വിസ് എന്‍ട്രി, മെറിറ്റോറിയസ് സര്‍വിസ് എന്‍ട്രി എന്നിവ സംബന്ധിച്ച് നിലവിലുള്ള നടപടിക്രമം തുടരും. ബാഡ്ജ് ഓഫ് ഹോണര്‍ നടപടിക്രമങ്ങളില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. ജോലിയിലുള്ള വ്യക്തഗത പ്രതിബദ്ധതയാണ് ബാഡ്ജ് ഓഫ് ഹോണറിനായി പ്രധാനമായും പരിഗണിക്കുക. ഡിവൈ.എസ്.പി റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥരെയാണ് ഇതിനു പരിഗണിക്കുന്നത്. ഇവര്‍ക്ക് ഡി.ജി.പി യുടെ പ്രശംസാ പത്രവും നല്‍കും. ബാഡ്ജ് ഓഫ് ഹോണര്‍ പരിപാടി വര്‍ഷത്തില്‍ രണ്ടുവട്ടമാണ് സംഘടിപ്പിക്കുന്നത്, മെയ് 30 നും നവംബര്‍ ഒന്നിനും.
പ്രശംസാ ഫലകം നല്‍കുന്നതിലുള്ള സുതാര്യതയില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ചുള്ള പുതിയ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."