പരിസ്ഥിതി ദിനാചരണം: വൃക്ഷത്തൈകള്‍ക്ക് പഞ്ചായത്തിനെ സമീപിക്കണം
പാലക്കാട്: പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ വിതരണത്തിന വിവിധ വകുപ്പുകള്‍ തയ്യാറാക്കിയ തൈകള്‍ ആവശ്യമുളളവര്‍ അതത് പഞ്ചായത്തിനെ സമീപിക്കണമെന്ന് എ.ഡി.എം എസ് വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം അറിയിച്ചു.
സോഷല്‍ ഫോറസ്ട്രി-കൃഷി വകുപ്പുകളും തൊഴിലുറപ്പ് പദ്ധതികളിലുമായി നാലര ലക്ഷത്തിലേറെ തൈകളാണ് വിതരണത്തിനുളളത്. ഇതില്‍ സോഷല്‍ ഫോറസ്ട്രി വിഭാഗം ഒരു പഞ്ചായത്തിന് 2000 വീതം 12 പഞ്ചായത്തുകള്‍ക്കായി തൊണ്ണൂറ്റി അയ്യായിരത്തോളം തൈകള്‍ വിതരണത്തിന് കൈമാറിയിട്ടുണ്ട്.
പഞ്ചായത്തുകള്‍ക്ക് ആവശ്യമുള്ള വൃക്ഷതൈകള്‍ ഈ മൂന്ന് വകുപ്പുകളില്‍നിന്ന് സംഭരിക്കാം. അത് സംബന്ധിച്ച പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി, പ്രൊഫഷനല്‍ കോളജുകള്‍ക്കും ആവശ്യപ്പെടുന്ന മുറയ്ക്ക് സൗജന്യമായി തൈകള്‍ പഞ്ചായത്തുകള്‍ നല്‍കും.
നിലവില്‍ ജില്ലയിലെ 258ഓളം സ്‌കൂളുകള്‍ 1.52 ലക്ഷം തൈകള്‍ ആവശ്യപ്പെട്ടതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വാഹനസൗകര്യമില്ലാത്ത സ്‌കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതത് പഞ്ചായത്തുകള്‍ സ്വന്തം വാഹനം ഉപയോഗിച്ച് തൈകള്‍ എത്തിക്കും, ഇതിനായി പരമാവധി പതിനായിരം രൂപ വരെ പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍നിന്ന് ഉപയോഗിക്കാം.
വനംവകുപ്പിന്റെ ധോണി, മായാപുരം, കിണാവല്ലൂര്‍, പെരിങ്ങോട്ടുകുറിശ്ശി, ചിണ്ടക്കി, കുറ്റിക്കല്‍ച്ചള്ള, കയറാടി, കൂറ്റനാട്, മേക്കളപ്പാറ, വാടാനാംകുറിശ്ശി നേഴ്‌സറികളിലാണ് തൈകള്‍ സൂക്ഷിച്ചിട്ടുള്ളത്. സ്വകാര്യവ്യക്തികള്‍ക്ക് 17 രൂപ നിരക്കില്‍ ലഭ്യതയ്ക്കനുസരിച്ച് വനംവകുപ്പ് തൈകള്‍ ലഭ്യമാക്കും. നഗരസഭകള്‍ക്കും ആവശ്യപ്പെടുന്ന മുറക്ക് വിതരണത്തിനായി വനംവകുപ്പ് തൈകള്‍ കൈമാറും.
ജില്ലാ ശുചിചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്, നഗരസഭ പരിധിലെ വിവിധ മാലിന്യനിക്ഷേപ സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ മാലിന്യ നിര്‍മാര്‍ജനം നടത്തി മരതൈകള്‍ നട്ടു പിടിപ്പിക്കും.
യോഗത്തില്‍ കൃഷി, തൊഴിലുറപ്പ് പദ്ധതി, സോഷല്‍ ഫോറസ്ട്രി വകുപ്പ്, വിദ്യാഭ്യാസം, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."