പ്രതിഷേധം ആളിക്കത്തും മുന്‍പ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം വന്നു
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ യുവ നേതാക്കളുടെയും അണികളുടെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരണവുമായി രംഗത്ത്. ചാവക്കാട് കൊലപാതകത്തിന് ഉത്തരവാദി എസ്.ഡി.പി.ഐ ആണെന്നും മതേതര കേരളത്തിന് അപകടമാണ് എസ്.ഡി.പി.ഐ എന്നും കെ.പിസി.സി പ്രസിഡന്റ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
മുല്ലപ്പള്ളിയെ വിമര്‍ശിച്ച് മലപ്പുറം ജില്ല കെ.എസ്.യു പ്രസിഡന്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും സമൂഹ മാധ്യമങ്ങളില്‍ അണികള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം......
ചോര മണക്കുന്ന കഠാരയും വര്‍ഗ്ഗീയ വിഷവുമായി നില്‍ക്കുന്ന എസ് ഡി പി ഐ മതേതര കേരളത്തിന് ആപത്ത്
കേരളത്തെ ചോരക്കളമാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന ഈ വര്‍ഗ്ഗീയക്കൂട്ടത്തെ ഒറ്റപ്പെടുത്താന്‍ കേരള സമൂഹം ഒന്നിക്കണം. കൊലക്കത്തി കൊണ്ട് കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന വ്യാമോഹം കേരളത്തില്‍ നടപ്പില്ലെന്നും ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.
ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ അതിക്രൂരമായി കൊലപ്പെടുത്തുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിഭീഷ്, നിഷാദ്, സുരേഷ് എന്നിവരെ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തത് എസ് ഡി പി ഐ ആണെന്ന് വ്യക്തമായി കഴിഞ്ഞു. ഈ വിഷയത്തില്‍ ഇന്നു രാവിലെ തന്നെ മാധ്യമങ്ങള്‍ വഴി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ഇത് രാഷ്ട്രീയ കൊലപാതകം ആണെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ടിരുന്നു.
സംഭവം അറിഞ്ഞ ഉടനെ തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ജോസ് വെള്ളുരിനെയും അതോടൊപ്പം ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാനവാസിനേയും ഞാന്‍ ബന്ധപെടുകയുണ്ടായി.
അതിനു ശേഷമാണ് കെപിസിസി ഓഫീസില്‍ വെച്ച് കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളെയും ഞാന്‍ നേരില്‍ കണ്ടത്. അതോടൊപ്പം ഏറ്റവും പ്രമുഖമായ മൂന്ന് ഇംഗ്ലീഷ് ചാനലും എന്റെ പ്രതികരണം അറിയാന്‍ എത്തിയിരുന്നു. എനിക്ക് കിട്ടിയ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ ജാഗ്രതയോട് കൂടി പ്രതികരിച്ചത്.
മറ്റ് കേന്ദ്രങ്ങളിലും ഇത് സംബന്ധിച്ച് ഞാന്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമായ സൂചന തരാന്‍ അവരാരും തയ്യാറായില്ല.
കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നു എന്നും കേരളത്തിലെ ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരി ആയെന്നും അക്രമം തടയുന്നതില്‍ പൊലീസിന്റെ ഭാഗത്തെ ഗുരുതര വീഴ്ച അന്വേഷിക്കണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു.
പിന്നീടാണ് ജില്ലാ നേതൃത്വത്തില്‍ നിന്നും പൊലീസില്‍ നിന്നും പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചത്. ഇതിനു ശേഷം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ എസ് ഡി പി ഐ ക്ക് എതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എസ് ഡി പി ഐക്ക് എതിരെ പ്രതികരിക്കാതിരിക്കുന്നത് അവരുമായി ബന്ധമുളളത് കൊണ്ടാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം കൊടിയ കുറ്റബോധത്തില്‍ നിന്നുളള ശുദ്ധ അസംബന്ധമാണ്.
തലശേരിയില്‍ മത്സരിച്ച കാലം മുതല്‍ കോടിയേരിയും ഈ സംഘടനയുമായുളള ബന്ധം അറിയാത്തവരല്ല മലയാളികള്‍. അഭിമന്യുവിനെ കുത്തി വീഴ്ത്തിയവര്‍ക്ക് കുട പിടിക്കുന്ന സി പി എമ്മിനും സര്‍ക്കാരിനും ഇങ്ങനെയേ പ്രതികരിക്കാനാവൂ അവരെ കുറ്റം പറയാനാവില്ല. എന്നും വര്‍ഗ്ഗീയ വിഷ പാമ്പുകള്‍ക്ക് പാല് നല്‍കുന്ന പാരമ്പര്യമാണ് സി പി എമ്മിനുളളത്. വസ്തുത ഇതായിരിക്കെ കൈരളി ചാനല്‍ ഉപയോഗിച്ച് തങ്ങളുടെ എസ്ഡിപിഐ ബന്ധം മറച്ചുവെക്കാന്‍ സിപിഎം നടത്തുന്ന ശ്രമം പാഴ് വേല മാത്രമാണ്.
അഭിമന്യുവിനെ രക്തസാക്ഷിയായി അവതരിപ്പിച്ച് കോടികള്‍ പിരിച്ച സി പി എം അഭ്യുമന്യുവിന്റെ കുടുംബത്തിന് നല്‍കിയത് നാമമാത്ര സഹായം മാത്രമാണ്. പിരിവില്‍ കാട്ടിയ ശ്രദ്ധ കൊലയാളികളെ അറസ്റ്റു ചെയ്യാന്‍ കാട്ടിയിരുന്നെങ്കില്‍ ഇന്ന് ഈ കൊലപാതകത്തിനുളള ധൈര്യം എസ് ഡി പി ഐക്ക് ഉണ്ടാകുമായിരുന്നില്ല.
അഭിമന്യുവിന്റെ പ്രതിപട്ടികയില്‍ ഉളളവര്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ നല്‍കിയ സംരക്ഷണവും സൗഭാഗ്യവും ഉറപ്പിച്ചാണ് ഇവര്‍ കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടുന്നത്.
അഭിമന്യുവിന്റെ കൊലയാളികളെ പോലെ നൗഷാദിന്റെ കൊലയാളികളെയും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം എങ്കില്‍ അതിശക്തമായ പ്രതിഷേധം കോണ്ഗ്രസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ഞാന്‍ താകീത് നല്‍കുന്നു.
നൗഷാദിനെ കൊലപ്പെടുത്തുകയും സഹപ്രവര്‍ത്തകരെ വെട്ടി വീഴ്ത്തുകയും ചെയ്ത എസ്ഡിപിഐകാരെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണം. വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരുടെ മൊഴി മാത്രം മതി കൊലയാളികളെ കണ്ടെത്താനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും.
ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയപ്പോഴും ശുഹൈബിനെ ക്രൂരമായി വധിച്ചപ്പോഴും പെരിയയിലെ രണ്ട് യുവ സുഹൃത്തുക്കളെ അരിഞ്ഞു തള്ളിയപ്പോഴും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ ധീരമായി തുറന്നു കാട്ടിയ പാരമ്പര്യമാണ് എന്റെ രക്തത്തിലുള്ളത്.
എന്റെ മുന്‍പില്‍ ആണത്വത്തോടെ വെല്ലുവിളി നടത്താന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെയും ഞാന്‍ ക്ഷണിക്കുന്നു. പട്ടികള്‍ കുരച്ചാല്‍ സാര്‍ത്ഥകസംഘം മുന്നോട്ട് പോകില്ല എന്ന് രാഷ്ട്രീയ ഭീരുക്കള്‍ ധരിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."