സുപ്രിംകോടതി നല്‍കുമോ ഉന്നാവോ ഇരക്ക് നീതി
കൊടും ക്രൂരതക്കും പീഡനത്തിനും ഇരയായ ഒരു പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള നിലവിളി ഇന്ന് സുപ്രിം കോടതി പരിഗണിക്കുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജൂലൈ പന്ത്രണ്ടിന് നീതി തേടി പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ഹരജിയായി പരിഗണിച്ചാണ് കോടതി ഇന്ന് കേസ് കേള്‍ക്കുന്നത്. കത്ത് കഴിഞ്ഞ ദിവസം വരെ ചീഫ് ജസ്റ്റിസിന് കിട്ടിയിരുന്നില്ല. ഇത് സംബന്ധിച്ച് അദ്ദേഹം രജിസ്ട്രിയോട് കാരണം ചോദിച്ചിരിക്കുകയാണ്.
ക്രിമിനല്‍ എം.എല്‍.എയായ കുല്‍ദീപ് സിങ് സെഗാറിന്റെ ഗുണ്ടകള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിപ്പെട്ടാണ് പെണ്‍കുട്ടിയുടെ കുടുംബം ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നത്. 2017 ജൂണ്‍ 14ന് ആണ് കുല്‍ദീപ് സിങ് സെഗാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തുടര്‍ന്ന് എം.എല്‍.എയുടെ സംഘത്തില്‍പെട്ടവരും ഇതാവര്‍ത്തിച്ചു. അങ്കണവാടിയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതിന്റെ മറവിലായിരുന്നു പീഡനങ്ങളത്രയും.
പീഡനത്തിനെതിരേ പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ജംഗിള്‍രാജ് എന്ന് ഇതിനകം കുപ്രസിദ്ധി നേടിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണകൂടവും അനങ്ങിയില്ല. ഒടുവില്‍ യോഗിയുടെ വീട്ട്പടിക്കല്‍ പെണ്‍കുട്ടി ആത്മാഹൂതി ശ്രമം നടത്തിയതിനെതുടര്‍ന്നാണ് എം.എല്‍.എക്കെതിരേ കേസെടുക്കാന്‍ യോഗി സര്‍ക്കാര്‍ തയാറായത്.
ജയിലില്‍ കിടക്കുന്ന അമ്മാവനെ കാണാന്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിക്കുകയായിരുന്ന കാറില്‍ കുല്‍ദീപ് സിങ് സെഗാറിന്റെ ഗുണ്ടകള്‍ ട്രക്ക് ഇടിപ്പിച്ച് അവരെ ഒന്നടങ്കം കൊല്ലാന്‍ നടത്തിയ ശ്രമമാണ് ഈ കേസ് വീണ്ടും പൊതുസമൂഹത്തിന്റെ സജീവശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇതിനെതുടര്‍ന്ന് നിരവധി പേര്‍ പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. പാര്‍ലമെന്റിന്റെ അകത്തും പുറത്തും പ്രതിഷേധജ്വാല ആളിക്കത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ യോഗി സര്‍ക്കാര്‍ സി.ബി.ഐ ശുപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് കേന്ദ്രം സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സി.ബി.ഐയെ കൂട്ടിലടച്ച തത്ത എന്ന് വിശേഷിപ്പിച്ചത് സുപ്രിംകോടതിയാണ്. അത്തരമൊരു തത്തയുടെ അന്വേഷണം നീതിപൂര്‍വ്വമാകുമോ എന്ന് സംശയിക്കേണ്ടതുണ്ട്.
2002ലെ ഗുജറാത്ത് വംശീയ കലാപത്തിന് നേതൃത്വം നല്‍കിയവരാണ് ഇന്ന് കേന്ദ്രസര്‍ക്കാരിലുള്ളതെന്ന് മറ്റൊരു വിധിവൈപരീത്യമായിരിക്കാം. ഈ പീഡനകേസിന്റെ നാള്‍വഴികള്‍ പരിശോധിക്കുകയാണെങ്കില്‍ പെണ്‍കുട്ടിയുടെ ആത്മാഹൂതി ശ്രമത്തെതുടര്‍ന്ന് എം.എല്‍.എ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ജയിലിലിരുന്ന് അയാള്‍ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചുകൊന്നു. ഇതിന് ദൃക്‌സാക്ഷിയായ ആളെയും കൊലപ്പെടുത്തി.
കഴിഞ്ഞ ഞായറാഴ്ച ട്രക്ക് അപകടത്തിലൂടെ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാരെ കൊലപ്പെടുത്തി. പെണ്‍കുട്ടിയും അവരുടെ അഭിഭാഷകനും ജീവന് വേണ്ടി പൊരുതുന്നു. വെന്റിലേറ്ററിലാണ് ഇരുവരും. ബന്ധുക്കളെയും പെണ്‍കുട്ടിയുടെ ഗ്രാമത്തിലുള്ളവരെയും ആശുപത്രിയിലേക്ക് കടക്കാന്‍ കുല്‍ദീപ് സിങ് സെഗാറിന്റെ ഗുണ്ടകള്‍ അനുവദിക്കുന്നുമില്ല. ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഒരു സംസ്ഥാനത്താണ് ഈ കാട്ട്‌നീതി നടന്ന് കൊണ്ടിരിക്കുന്നത്.
രാഷ്ട്രീയ ക്രിമിനലുകള്‍ തഴച്ചുവളരുന്ന സംസ്ഥാനമായി യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴില്‍ യു.പി മാറിക്കഴിഞ്ഞു. ഗുണ്ടകളായ രാഷ്ട്രീയ നേതാക്കളുടെയും എം.എല്‍.എമാരുടെയും ഇംഗിതത്തിനനുസരിച്ച് പാവപ്പെട്ടവര്‍ ജീവിച്ചുകൊള്ളണം. അല്ലാത്തപക്ഷം കൊല്ലപ്പെടുമെന്ന സന്ദേശമാണ് യു.പി പുറംലോകത്തിന് നല്‍കുന്നത്. ഇവര്‍ക്കൊക്കെ തണലായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന സന്യാസിവര്യന്‍ നിലകൊള്ളുകയും ചെയ്യുന്നു.
ജസ്റ്റിസ് ലോയയുടെ മരണവുമായി ഏറെ സാദൃശ്യമുണ്ട് ഉന്നാവോയിലെ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവങ്ങളും. ഷെയ്ഖ് സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടിരുന്നു ഇന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. സി.ബി.ഐ കോടതിയില്‍ ഈ കേസ് പരിഗണിച്ചിരുന്നത് ജസ്റ്റിസ് ലോയയായിരുന്നു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നീതി നടപ്പിലാക്കാന്‍ തുനിഞ്ഞ അദ്ദേഹം സംശയാസ്പദമായ നിലയില്‍ മരണപ്പെടുകയായിരുന്നു. അതൊരു കൊലപാതകമായിരുന്നുവെന്ന സംശയം ഇപ്പോഴും ബാക്കിനില്‍ക്കുന്നുമുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജയിലില്‍ കഴിയുന്ന പീഡകനായ എം.എല്‍.എ പെണ്‍കുട്ടിയെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിവരികയായിരുന്നു. കേസില്‍നിന്നും പിന്മാറണമെന്നും അല്ലാത്തപക്ഷം കുടുംബത്തെ ഒന്നാകെ നശിപ്പിക്കുമെന്നും പൊലിസും ജഡ്ജിയും താന്‍ പറയുന്നതിനപ്പുറം ഒന്നും ചെയ്യില്ലെന്നും ഭീഷണിപ്പെടുത്തുന്ന എം.എല്‍.എക്കെതിരേ ചെറുവിരല്‍ അനക്കാന്‍പോലും യോഗി ആദിത്യനാഥ് തയാറായില്ല.
പെണ്‍കുട്ടിയുടെ സുരക്ഷക്കായി ഏഴംഗ പൊലിസിനെയും യാത്രയില്‍ അകമ്പടിക്കായി മൂന്ന് പൊലിസുകാരെയും നിയോഗിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച കുടുംബം നടത്തിയ കാര്‍ യാത്രയില്‍ അകമ്പടിയായി പോകാന്‍ പൊലിസുകാര്‍ തയാറായില്ല. മാത്രവുമല്ല, പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും യാത്ര ജയിലില്‍ കഴിയുന്ന കുല്‍ദീപ് സിങ് സെഗാറിന് ചോര്‍ത്തികൊടുക്കുകയും ചെയ്തു. അയാള്‍ ജയിലില്‍ ഇരുന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് നമ്പര്‍പ്ലേറ്റ് മായ്ച്ച് കളഞ്ഞ ട്രക്ക് കാറില്‍ ചെന്നിടിച്ച് ഉണ്ടായ അപകടം.
എം.എല്‍.എക്ക് ജയിലില്‍ ഇരുന്ന് ഇത്രയൊക്കെ ചെയ്യാമെങ്കില്‍ പുറത്ത് വിഹരിക്കുന്ന ഗുണ്ടകളായ രാഷ്ട്രീയ നേതാക്കന്മാര്‍ എന്തൊക്കെ അക്രമങ്ങളായിരിക്കും യു.പിയില്‍ നടത്തുന്നത്. സാധാരണക്കാര്‍ ജീവനില്‍ കൊതിയുള്ളതിനാല്‍ അത് പുറത്തേക്ക് പറയുന്നില്ലെന്ന് മാത്രം. എല്ലാം സഹിച്ച് ജീവഛവങ്ങളായി അവര്‍ കഴിയുന്നു. മുത്വലാഖ് ചൊല്ലപ്പെടുന്ന മുസ്‌ലിം സ്ത്രീകളുടെ നീതിക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന ബി.ജെ.പി സര്‍ക്കാരാണ് ഇതര സമുദായത്തില്‍പെട്ട ഒരു പെണ്‍കുട്ടിക്ക് നേരെ ഒരു ഗുണ്ട നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ കണ്ണടച്ചുകൊണ്ടിരിക്കുന്നത്. ബേഠി ബച്ചാവോ എന്ന കപട മുദ്രാവാക്യം ഉയര്‍ത്തി പാവങ്ങളായ പെണ്‍കുട്ടികളെ പീഡകര്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍.
യു.പി ക്രിമിനലുകള്‍ക്ക് വളക്കൂറുള്ള മണ്ണായിതീര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ഇരയായ പെണ്‍കുട്ടിയുടെ അമ്മാവന്‍ കേസ് വിചാരണ യു.പിക്ക് പുറത്തായിരിക്കണമെന്ന് ഇന്നലെ ആവശ്യപ്പെട്ടതും. ക്രിമിനല്‍ സ്റ്റേറ്റായി പരിണമിച്ചിരിക്കുന്ന യു.പിയില്‍നിന്ന് നീതിക്ക് വേണ്ടിയുള്ള പെണ്‍കുട്ടികളുടെ കേള്‍ക്കാതെ പോകുന്ന ആര്‍ത്തനാദങ്ങള്‍ എത്രയോ ഉണ്ടായിരിക്കണം. ഇന്ന് സുപ്രിംകോടതി ഉന്നാവോ പീഡനകേസിലെ ഇരയായ പെണ്‍കുട്ടിയുടെ കേസ് പരിഗണിക്കുമ്പോള്‍ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുന്ന ആ കുട്ടിക്ക് നീതി ലഭിക്കണേ എന്നായിരിക്കും രാജ്യം ഒന്നാകെ നടത്തുന്ന പ്രാര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."