വിശുദ്ധ റമദാന്‍ വേദത്തിന്റെ മാസം
വിശുദ്ധ വേദത്തിന്റെ മാസമാണ് റമദാന്‍. ദിവ്യ വേദഗ്രന്ഥമായി പരിശുദ്ധ ഖുര്‍ആന്‍ മാത്രമേ ഇന്ന് പ്രത്യക്ഷ ലോകത്തുള്ളൂ. എന്നെന്നും നിലനില്‍ക്കേണ്ടതിനുദ്ദേശിച്ചാണ് അല്ലാഹു ഇതിനെ അവതരിപ്പിച്ചിട്ടുള്ളത്. നബി (സ) തങ്ങളുടെ പ്രവാചകത്വത്തിനും ഇസ്‌ലാമിന്റെ സത്യതക്കുള്ള അനിഷേധ്യ തെളിവായി ഇതിനെ നിശ്ചയിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആനൊഴിച്ച് മറ്റൊരു വേദവും മനുഷ്യരചയിതാക്കളിലേക്കു ചേര്‍ത്തു പറയപ്പെട്ടല്ലാതെ ഭൂമി ലോകത്തില്ല. തൗറാത്തും സബൂറും ഇഞ്ചീലും പൂര്‍വവേദങ്ങള്‍ തന്നെ. പക്ഷെ, അവയെ അംഗീകരിക്കുന്നവര്‍ പോലും തനതു രൂപത്തില്‍ അവ നിലവിലുണ്ടെന്നും ഇന്നതാണെന്നും കാണിച്ചു തരുന്നില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണെന്നതിനുള്ള ദൃഷ്ടാന്തം അതിന്റെ കോര്‍വയില്‍ തന്നെ കുടികൊള്ളുന്നു. അതിലെ ഏറ്റവും ചെറിയ ഒരധ്യായത്തിനോ അത്രയും തോത് സൂക്തങ്ങള്‍ക്കോ സമാനം ഒരുഭാഷയിലും യാതൊരു രചനയും സൃഷ്ടികള്‍ക്കാര്‍ക്കും കോര്‍വ ചെയ്യാനാകില്ല. ഇതാണ് ഖുര്‍ആനിന്റെ സവിശേഷത. ഇതു ഖുര്‍ആന്‍ തന്നെ വെല്ലുവിളി രൂപത്തില്‍ പ്രഖ്യാപിക്കുന്നു. അംഗീകരിക്കുന്നവരേക്കാള്‍ എതിര്‍ക്കുന്നവരാണ് എന്നും വിശുദ്ധ ഖുര്‍ആനിനു മുമ്പിലുള്ള ലോകം. എന്നിട്ടും ഈ വെല്ലുവിളിയെ നേരിടാന്‍ ഇന്നുവരെ ആര്‍ക്കുമായില്ല. ഇനിയാകുകയുമില്ല. അവതരണശേഷം ഒന്നര സഹസ്രാബ്ദം പിന്നിട്ടിട്ടും ഖുര്‍ആന്‍ അതിന്റെ നിത്യനൂതന ഭാഷയില്‍ ഇന്നും ലോകത്തോടു സംവദിക്കുന്നു. ഇതു തന്നെയാണ് അല്ലാഹുവിന്റെ കലാമാണ് ഖുര്‍ആന്‍ എന്നതിന്റെ അജയ്യ തെളിവ്.
അല്ലാഹുവിന്റെ ഈ കലാം ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തിലെ 'ബൈത്തുല്‍ ഇസ്സ'യിലേക്കിറക്കപ്പെട്ടതും അവിടെ നിന്നു ഭൂമിയിലേക്ക് അതിന്റെ ആദ്യഭാഗം അവതരണമാരംഭിച്ചതും വിശുദ്ധ റമദാനിലെ ലൈലത്തുല്‍ ഖദ്‌റിലാണ്. ഇതു തന്നെയാണ് ഈ മാസത്തിന്റെ ബഹുമതിയും. മാനവകുലത്തിനു നേരിന്റെ വഴിയായി മാര്‍ഗദര്‍ശകരായ നബി (സ) തങ്ങളുടെ മേല്‍ ഇറക്കപ്പെട്ട വിരുദ്ധവേദമാസത്തെ വര്‍ഷാന്തം നോമ്പു നോറ്റ് സ്വീകരിക്കുകയെന്നത് അല്ലാഹു നിര്‍ബന്ധമായി നിശ്ചയിച്ചിരിക്കുന്നു. വേദത്തിന്റെ സംക്ഷിപ്തമായ സുറത്തുല്‍ ഫാതിഹ ദിനേന അഞ്ചുനേര നമസ്‌കാരങ്ങളിലും ഓതാന്‍ നിര്‍ദേശിക്കപ്പെട്ടതു കൊണ്ട് അടിസ്ഥാനപരമായി വേദം പാരായണം ചെയ്യാത്ത ഒരു വിശ്വാസിയുമില്ല. സമ്പൂര്‍ണ വേദപാരായണം പക്ഷേ, എന്നും നിര്‍ബന്ധമായി നിര്‍ദേശിക്കപ്പെടുന്നതു വിഷമകരവുമാണല്ലോ. എന്നാല്‍ വേദമാസത്തില്‍ അതിന്റെ പാരായണം സവിശേഷം തേടപ്പെട്ടിരിക്കുകയാണ്.
പകലില്‍ നോമ്പോടെയും രാത്രിയില്‍ നിസ്‌കാരത്തിലുമാണ് ഇതു ബലമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. നബി (സ) തങ്ങള്‍ക്കിറക്കിക്കൊടുത്ത ജിബ്രീല്‍ (അ) വര്‍ഷാന്തം നബിയെ വേദപാഠം നോക്കിയിരുന്നതു റമദാനിലായിരുന്നു. സമയോചിതമായി ദാനധര്‍മാദി പുണ്യകര്‍മങ്ങള്‍ കൊണ്ടും മറ്റും ഈ സന്ദര്‍ഭത്തെ നബി(സ) അര്‍ഥപൂര്‍ണമാക്കുമായിരുന്നു. വേദപാരായണം ദീര്‍ഘിപ്പിച്ചുള്ള നിശാനമസ്‌കാരം കൊണ്ട് അവിടുന്നു നിര്‍ദേശിക്കുകയും ചെയ്യുമായിരുന്നു. ഫലത്തില്‍ മാസത്തിന്റെ ഇരവുകളും പകലുകളും വേദത്തില്‍ തന്നെ.
സ്വഹാബത്ത് മുതല്‍ സദ്വൃത്തരുടെയെല്ലാം ചര്യയാണിത്. ഇമാമുനശ്ശാഫിഈ (റ) റമദാനില്‍ ദിനേന രണ്ടുപ്രാവശ്യം സമ്പൂര്‍ണയായി ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നുവെന്നത് പ്രസിദ്ധമാണ്. വിശുദ്ധ വേദമാസത്തോടു യോജ്യമായ സദ്കര്‍മവും വേദപഠന പാരായണത്തില്‍ മുഴുകല്‍ തന്നെയാണല്ലോ. ഈ വിശുദ്ധ മാസത്തെ നല്ല നിലയില്‍ യാത്രയയക്കാന്‍ നാഥന്‍ തുണക്കട്ടെ.
(സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡന്റാണ്
ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."