അവള്‍ക്കൊപ്പം
ലോകജനസംഖ്യയുടെ നാലിലൊരുഭാഗം പെണ്‍കുട്ടികളാണ്. സമൂഹത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ ഒരു ഘടകമാണവര്‍. എന്നാല്‍ ലോകത്ത് പല തരത്തിലുള്ള വിവേചനങ്ങളും വേര്‍തിരിവുകളും അക്രമങ്ങളുമാണ് പെണ്‍കുട്ടികള്‍ക്ക് നേരെ ഉണ്ടാകുന്നത്. ശൈശവ വിവാഹം പോലുള്ള അനാചാരങ്ങളുടെയും ബാലവേലയുടെയും ഇരകള്‍ കൂടുതലും പെണ്‍കുട്ടികളാകുന്നു. ജനസംഖ്യ കൂടുതലുള്ള ദരിദ്ര രാജ്യങ്ങളിലാണ് പെണ്‍കുട്ടികള്‍ക്കു നേരെയുള്ള വിവേചനങ്ങളും അതിക്രമങ്ങളും കൂടുതലായി സംഭവിക്കുന്നത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രധാന ഇരകളും പെണ്‍കുട്ടികളാണ്. 2012-ല്‍ മാത്രം 13 ലക്ഷം കൗമാരക്കാരാണ് ചികിത്സിച്ചു ഭേദമാക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍കൊണ്ട് മരണപ്പെട്ടത്.
2012 മുതല്‍ എല്ലാ വര്‍ഷവും ഒക്‌ടോബര്‍11 പെണ്‍കുട്ടികള്‍ക്കായുള്ള അന്തര്‍ദേശീയ ദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ചുവരുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്കെതിരായ അതിക്രമങ്ങളെ അവസാനിപ്പിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരേയുള്ള ബോധവത്കരണവും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു.
കാണാതാകുന്നവര്‍
ദിവസം 39,000 ശിശു വിവാഹങ്ങള്‍ ലോകത്ത് നടക്കുന്നുണ്ടെന്നാണ് കണക്ക്. ഈ ദശക (2011-2020)ത്തില്‍ മാത്രം 14 കോടി പെണ്‍കുട്ടികളാണ് ഈ ദുര്‍ഗതി കാത്തിരിക്കുന്നത്. ഇതില്‍ അഞ്ചുകോടിയും 15 വയസില്‍ താഴെ മാത്രം പ്രായമുള്ളവരത്രേ! ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം വികസ്വര രാജ്യങ്ങളിലെ 15-നും 19-നും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളുടെ മരണത്തിനുള്ള പ്രധാന കാരണം ചെറുപ്രായത്തിലെ ഗര്‍ഭധാരണവും പ്രസവവുമാണ്. വര്‍ഷം തോറും പ്രസവിക്കുന്ന 15-19 വയസുകാര്‍ 160 ലക്ഷം പേരാണ് ! ഇവരില്‍ 90 ശതമാനവും വിവാഹിതരാണ്. യൂനിസെഫിന്റെ കണക്കു പ്രകാരം താണ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 50,000 മരണങ്ങളാണ് ഇത്തരത്തില്‍ ഉണ്ടാകുന്നത്.
ദശലക്ഷക്കണക്കിന് കാണാതായ കൗമാരക്കാരുടെ പട്ടികയിലും ഒന്നാമത് ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളാണ്. പെണ്‍ഭ്രൂണഹത്യയില്‍ മാത്രം പ്രതിവര്‍ഷം ഒരുലക്ഷത്തോളം പെണ്‍കുഞ്ഞുങ്ങളാണ് പ്രസവത്തിന് മുന്‍പായി ഗര്‍ഭാവസ്ഥയില്‍ തന്നെ കൊല ചെയ്യപ്പെടുന്നത്.
കേരളത്തില്‍ 2014 ആദ്യത്തെ ആറുമാസങ്ങളില്‍ തന്നെ 1333 കേസുകള്‍ 15 വയസില്‍ താഴെയുള്ള പെണ്‍കുഞ്ഞുങ്ങളോടുള്ള അതിക്രമങ്ങള്‍ക്കെതിരേ ചാര്‍ജു ചെയ്തു. അതേസമയം ബാലവിവാഹത്തിലേക്കും കൗമാരത്തിലെ പ്രസവത്തിലേക്കും നയിക്കുന്ന ഘടകങ്ങള്‍ മറ്റൊരു തരത്തില്‍ പ്രബലമായി നില്‍ക്കുന്നു. അവ ദാരിദ്ര്യം, ലിംഗവിവേചനം, അതിക്രമം, നിര്‍ബന്ധിത വിവാഹം, വിദ്യാഭ്യാസക്കുറവ്, അവകാശ സംരക്ഷണത്തിലെ പാളിച്ചകള്‍ എന്നിങ്ങനെ നിരവധിയാണ്.
ലോകമാകെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ 50 ശതമാനവും പതിനഞ്ചോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികളുടെ നേര്‍ക്കാണ്. പത്തിലൊരാള്‍ എന്ന കണക്കില്‍ പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന്റെ ഇരകളാണ്. ലോകത്ത് കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഏറ്റവുമധികമുള്ള രാജ്യമാണ് ഇന്ത്യ.
ഉല്‍പാദന ക്ഷമായി ഇവരുടെ ശേഷിയെ വിനിയോഗിക്കാനോ പരിപൂര്‍ണമായി ആത്മവിശ്വാസമുള്ള പൗരന്മാരാക്കി മാറ്റുന്നതിനോ ഇന്ത്യന്‍ സമൂഹത്തിനു കഴിഞ്ഞിട്ടില്ല. യാഥാസ്ഥിതികമായ കീഴ്‌വഴക്കങ്ങളും അവയിലധിഷ്ഠിതമായ സമീപനങ്ങളും നിയമങ്ങളുടെ നടത്തിപ്പില്‍ പോലും തടസ്സം സൃഷ്ടിക്കുന്നു.
സവര്‍ണാധിപത്യത്തിന്റെയും ന്യൂനപക്ഷ, ദളിത് വിരുദ്ധരുടെയും ഇരകളും പെണ്‍കുട്ടികള്‍ തന്നെ. കേരളത്തിലെ ജനസംഖ്യയിലെ 16.3കൗമാരക്കാരില്‍ പകുതിയിലേറെ പെണ്‍കുട്ടികളാണ്. പെണ്‍കുട്ടികള്‍ക്കെതിരായ ഹിംസയുടെ വിരലുകള്‍ ഏറ്റവും അടുത്ത ബന്ധുക്കളില്‍ നിന്ന് തുടങ്ങി മനോരോഗികളിലേക്കു വരെ നീളുന്നു. പെണ്ണ് അബലയാണെന്ന പൊതു വ്യവഹാരമാണ് ലിംഗപരമായ വേര്‍തിരിവിനും കടന്നാക്രമണങ്ങള്‍ക്കും അവ അടിക്കടി ആവര്‍ത്തിക്കാനും കാരണം.
അര്‍ഹമായി പരിഗണിക്കൂ
1994 കെയ്‌റോ കോണ്‍ഫറന്‍സിനെത്തുടര്‍ന്നാണ് കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ ലോകസമൂഹം ഗൗരവമായി കാണാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഇവരെ ഉദ്ദേശിച്ച് വിവിധ പദ്ധതികള്‍ എല്ലാ രാജ്യത്തും ആവിഷ്‌കരിക്കപ്പെട്ടു. അവയിലധികവും സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചുള്ളവയാണ്. എന്നിരുന്നാലും പെണ്‍കുട്ടികള്‍ മാത്രം നേരിടുന്ന പ്രശ്‌നങ്ങള്‍ അര്‍ഹമായ ഗൗരവത്തോടെ പരിഗണിക്കപ്പെടാറില്ല.
പെണ്‍കുട്ടികളില്‍ തന്നെ വിവാഹാനാന്തരം പഠനം തുടരാന്‍ കഴിയാതെ വന്നവരും ദാരിദ്ര്യം കാരണം തൊഴില്‍ തേടാന്‍ നിര്‍ബന്ധിതരായവരും പഠനത്തില്‍ പിന്നോക്കമായതിനാല്‍ പഠനമുപേക്ഷിച്ചവരും മറ്റും നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. അവയും പരിഹാരമര്‍ഹിക്കുന്നുണ്ട്. മുന്‍വിധിയോടെ പ്രശ്‌നങ്ങളെ വിലയിരുത്തുന്ന സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി യഥാര്‍ഥ പ്രശ്‌നങ്ങള്‍ വ്യക്തമായി ബോധ്യപ്പെട്ട് അവയില്‍ ഇടപെടാന്‍ കഴിയണം.
ആത്മവിശ്വാസം നല്‍കുക
പെണ്‍കുട്ടികള്‍ ബാധ്യതയല്ല എന്ന് തിരിച്ചറിയുക. അവള്‍ക്ക് തുല്യനീതി ഉറപ്പുവരുത്തുക. അന്തര്‍ഗതമായ ചേതനകളെ അറിവും അനുബന്ധ വിഭവങ്ങളും കൊണ്ട് ശാക്തീകരിക്കുക. ഭവനങ്ങളില്‍, സ്‌കൂളില്‍, പൊതുനിരത്തുകളില്‍, യാത്രാവേളകളില്‍, മറ്റു പൊതു ഇടങ്ങളില്‍ അങ്ങനെ വ്യാപരിക്കുന്ന സമസ്ത മേഖലകളിലും ആത്മവിശ്വാസത്തോടെ ഇടപെടാനുള്ള അവസരം ഒരുക്കണം.
പെണ്‍കുട്ടികള്‍ കുറയുന്നു
കഴിഞ്ഞ ഇതുപതു വര്‍ഷമായി ലോകജനസംഖ്യയില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്.15 വയസിനു താഴെ പ്രായമുള്ള കുട്ടികളില്‍ 100 പെണ്‍കുട്ടികള്‍ക്ക് 105 ആണ്‍കുട്ടികള്‍ എന്നതാണ് ലോകത്തിലെ ജനസംഖ്യാ കണക്ക്. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യങ്ങളായ ചൈനയിലും ഇന്ത്യയിലും പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിക്കുന്നത്.
2011 ലെ സെന്‍സസ് പ്രകാരം ആറു വയസിനു താഴെ പ്രായമുള്ള കുട്ടികളില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 918 പെണ്‍കുട്ടികള്‍ എന്നതാണ് ഇന്ത്യയിലെ കണക്ക്. ചൈനയുടെ ഗ്രാമപ്രദേശങ്ങളില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 794 പെണ്‍കുട്ടികളും. മുന്‍പ് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളുടെ എണ്ണം കൂടുതലായിരുന്ന കേരളത്തില്‍ പോലും അടുത്ത കാലത്തായി കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. 2011-ലെ സെന്‍സസ് പ്രകാരം ആറു വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 959 പെണ്‍കുട്ടികള്‍ എന്നതാണ് കേരളത്തിലെ നിരക്ക്.
പെണ്‍കുട്ടികളുടെ ദേശീയദിനം
ഭാരതത്തില്‍ എല്ലാവര്‍ഷവും ജനുവരി 24-പെണ്‍കുട്ടികള്‍ക്കായുള്ള ദേശീയ ദിനമായി ആചരിച്ചുവരുന്നു. പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അക്രമങ്ങളും വിവേചനങ്ങളും തടയാനുള്ള ബോധവല്‍കരണമാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
മലാല ദിനം
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും സ്മരണീയമായ നാമം മലാല യൂസഫിന്റേതാണ്. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ സ്വാത് പ്രദേശത്ത് തീവ്രവാദികളേര്‍പ്പെടുത്തിയിരുന്ന വിലക്ക് ലംഘിച്ച് സ്‌കൂളിലേക്ക് പോയ മലാലയുടെ നേര്‍ക്ക് ആക്രമണമുണ്ടായി.
പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോള്‍ ഭീകരവാദികള്‍ നിറയൊഴിച്ചു. ഗുരുതരമായി പരുക്കേറ്റ മലാല മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. മലാലയുടെ ജന്മദിനമായ ജൂലൈ 12 മലാല ദിനമായി ആചരിച്ചുവരുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങളെപ്പറ്റി ഓര്‍മപ്പെടുത്തുന്ന ദിനമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."