ജില്ലാ ആശുപത്രിയിലെ ജലക്ഷാമം: ഉദ്ഘാടനം കഴിഞ്ഞിട്ടും ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയില്ല
കാഞ്ഞങ്ങാട്: നിര്‍ധനരായ രോഗികളുടെയും ജനങ്ങളുടെയും നീണ്ട മുറവിളിക്കു ശേഷം ഒരുമാസം മുമ്പ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം നോക്കു കുത്തിയായി മാറി. ഉദ്ഘാടനശേഷം പൂട്ടിയിട്ട ഈ കേന്ദ്രം പിന്നീട് തുറന്നിട്ടില്ല.
ആശുപത്രിയില്‍ ഡയാലിസിസ് തുടങ്ങാത്തത് വെള്ളമില്ലാത്തതിനാലാണെന്ന് ആശുപത്രി സൂപ്രണ്ട് സുനിതാ നന്ദന്‍ പറഞ്ഞു. ഡയാലിസിസിനു കുറെയധികം വെള്ളം ആവശ്യമാണെന്നും ജില്ലാ ആശുപത്രിയില്‍ കടുത്ത ജലക്ഷാമം നേരിടുന്നതിനാല്‍ ഇപ്പോള്‍ ഡയാലിസിസ് നടത്താന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിന് വേണ്ടി റോട്ടറി ക്ലബ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കുകയും തുടര്‍ന്നു ലക്ഷങ്ങള്‍ വിലവരുന്ന ഡയാലിസിസ് യന്ത്രങ്ങള്‍ ഇവര്‍ ആശുപത്രിയിലേക്ക് ദാനമായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ യന്ത്രങ്ങള്‍ വാങ്ങിയ ശേഷം വര്‍ഷങ്ങളോളം ഇത് ആശുപത്രിയിലെ ഒരു മുറിയില്‍ പൂട്ടി വെക്കുകയും ചെയ്തു.
പിന്നീട് വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് ഒരുമാസം മുമ്പ് ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനശേഷം ഒരു ഡയാലിസിസ് പോലും ഈ കേന്ദ്രത്തില്‍ നടന്നിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ നിത്യേന ചികിത്സ തേടിയെത്തുന്ന ജില്ലാ ആശുപത്രിയില്‍ കുടിവെള്ളവും മറ്റു സൗകര്യങ്ങളും ഇല്ലെന്നു പറഞ്ഞു ജീവനക്കാര്‍ രോഗികളെ തിരിച്ചയക്കുന്ന അവസ്ഥയാണ് കൂടുതലായുമുള്ളതെന്ന ആരോപണത്തിനിടെയാണ് ഉദ്ഘാടനം കഴിഞ്ഞ ഡയാലിസിസ് കേന്ദ്രവും അടച്ചു പൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."