മധ്യവേനല്‍ അവധി: ട്രെയിനുകളില്‍ ദുരിതയാത്ര
കണ്ണൂര്‍: മധ്യവേനല്‍ അവധിയുടെ അവസാനമായതോടെ മലബാര്‍ മേഖലയില്‍ ട്രെയിന്‍ യാത്ര ദുരിതമാവുന്നു. കഴിഞ്ഞ ഒരാഴ്ചയായി വന്‍ തിരക്കാണ് മിക്ക ട്രെയിനുകളിലും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗോവ, മുംബൈ ഭാഗങ്ങളിലേക്കും തിരുവനന്തപുരം, കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍ ഭാഗങ്ങളിലേക്കുമുള്ള ട്രെയിനുകളില്‍ കാലുകുത്താന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകളിലും പാസഞ്ചര്‍ എക്‌സ്പ്രസ് ട്രെയിനുകളിലും ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ട് തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്യുന്നത്. ജനറല്‍ കംപാര്‍ട്ട്‌മെന്റുകളിലാണ് കൂടുതല്‍ ദുരിതം. ഇതരസംസ്ഥാന തൊഴിലാളികള്‍ വലിയ ബാഗുകളും പണി ആയുധങ്ങളും ഉള്‍പ്പെടെയാണ് കംപാര്‍ട്‌മെന്റിലെത്തുക. ആളുകള്‍ക്ക് നില്‍ക്കാനുള്ള സ്ഥലംപോലും അപഹരിക്കപ്പെടുകയാണ്. യാതൊരു പരിശോധനയും ഇല്ലാത്തതിനാല്‍ ഇവര്‍ നിര്‍ബാധം ഈ പ്രവണത തുടരുകയാണ്. ഇതോടെ തിരുവനന്തപുരം, മംഗളൂരു റൂട്ടില്‍ സര്‍വിസ് നടത്തുന്ന മാവേലി, മലബാര്‍ എക്‌സ്പ്രസുകളില്‍ ജനറല്‍ ടിക്കറ്റ് എടുത്തവരും സ്ലീപ്പര്‍ കോച്ചുകളെ ആശ്രയിക്കുന്ന സ്ഥിതിയുമുണ്ട്. ജനറല്‍ ടിക്കറ്റുമായി യാത്രക്കാര്‍ തള്ളിക്കയറുന്നതു പലപ്പോഴും ടി.ടി.ഇമാരും റിസര്‍വ്ഡ് യാത്രക്കാരും തമ്മിലുള്ള വാക്കേറ്റത്തിനും കാരണമാവുന്നുണ്ട്. ആഘോഷനാളുകള്‍ക്കു പുറമേ മധ്യവേനല്‍ അവധി കണക്കിലെടുത്ത് കൂടുതല്‍ ജനറല്‍ കോച്ചുകള്‍ ഘടിപ്പിക്കാത്തതും ഇരട്ടി ദുരിതമായി. സമാന രീതി തുടരുന്നതോടെ മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി, മംഗളൂരു-ചെന്നെ മെയില്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എന്നിവയിലും ഇനി ഒരാഴ്ചകാലം ദുരിത യാത്ര തന്നെ. ട്രാക്കില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ ഏതാനും ദിവസത്തേക്കു കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."