കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
പെരിയ (കാസര്‍കോട്): കേന്ദ്ര സര്‍വകലാശാലയില്‍നിന്നു പുറത്താക്കിയ വിദ്യാര്‍ഥി ക്യാംപസിനകത്ത് കൈഞ്ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
അവശനിലയിലായ വിദ്യാര്‍ഥിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ക്യാംപസിനകത്ത് പ്രതിഷേധ പ്രകടനം നടത്തുകയും അക്കാദമിക് ബ്ലോക്ക് ഉപരോധിക്കുകയും ചെയ്തു.
കേന്ദ്ര സര്‍വകലാശാല അധികൃതരുടെ അഴിമതിക്കെതിരെയും സ്ഥാപനത്തെ കാവിവല്ക്കരിക്കുന്നതിനെതിരെയും നവമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് സര്‍വകലാശാല പുറത്താക്കിയ ഇന്റര്‍നാഷനല്‍ റിലേഷന്‍സ് ഒന്നാംവര്‍ഷ പി.ജി വിദ്യാര്‍ഥിയും തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയുമായ അഖില്‍ തായത്ത് (25) ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. ക്യാംപസിനകത്തെ ഹെലിപ്പാഡിനു സമീപം ഇടതു കൈഞ്ഞരമ്പു മുറിച്ച് അവശനിലയിലാണ് അഖില്‍ തായത്തിനെ സഹപാഠികള്‍ കണ്ടെത്തിയത്. പുറത്താക്കിയതിനു ശേഷം അഖില്‍ പെരിയയില്‍ സഹപാഠികളോടൊപ്പമാണ് താമസിച്ചിരുന്നത്. പഠനം തുടരാന്‍ കഴിയാതായതോടെ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു അഖിലെന്ന് സഹപാഠികള്‍ പറയുന്നു.
അഖിലിനെ പുറത്താക്കിയതിനെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കുവാന്‍ പി. കരുണാകരന് എം.പി മുന്‍കൈയെടുത്ത് സര്‍വകലാശാല അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
അഖിലിനെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ ഇതിനു പിന്നാലെ അഖില്‍ ക്യാംപസില്‍ കയറുന്നത് വിലക്കിക്കൊണ്ട് അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അഖില്‍ എഴുതിയ ഒരു കുറിപ്പും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. അഖിലിനെ ആത്മഹത്യാശ്രമത്തിലേക്ക് തള്ളി നീക്കിയ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചു സമരം നടത്തി. പൊലിസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."