ബോട്ടുകള്‍ കടലിലിറങ്ങി ത്തുടങ്ങി
തീരങ്ങളില്‍ വീണ്ടും സന്തോഷനാളുകള്‍
പൊന്നാനി: ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ ബോട്ടുകളില്‍ നല്ലൊരു പങ്കും അര്‍ധരാത്രിയോടെ മല്‍സ്യം തേടി കടലില്‍ പോയി. വറുതിക്കാലം കഴിഞ്ഞു ചാകര തുണയ്ക്കുമെന്ന പ്രതീക്ഷയിലാണു മത്സ്യത്തൊഴിലാളികള്‍. ട്രോളിംഗ് നിരോധന കാലയളവില്‍ കടലില്‍ മഴ ലഭിച്ചതിനാല്‍ ഇത്തവണ കൂടുതല്‍ മല്‍സ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
അതേസമയം ഏല്ലാ ബോട്ടുകള്‍ക്കും ഏകീകൃത നിറം നല്‍കണമെന്ന നിര്‍ദേശം ഇത്തവണയും നടപ്പിലാക്കാന്‍ അധികൃതര്‍ക്കായില്ല . ജൂണ്‍ 15ന് ആരംഭിച്ച് 47 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധന കാലത്തിനാണ് ഇന്നലെ അര്‍ധരാത്രിയോടെ വിരാമമായത് .
ബോട്ടുകളും വള്ളങ്ങളും അറ്റകുറ്റപ്പണികളെല്ലാം ഇത്തവണ നേരത്തേ പൂര്‍ത്തിയാക്കി. പലരും വായ്പ എടുത്തും പണയം വച്ചുമാണു ബോട്ടുകള്‍ നവീകരിക്കുന്നതിനാവശ്യമായ തുക കണ്ടെത്തിയത്. ട്രോളിംഗ് നിരോധനത്തിനു ശേഷമുള്ള മാസങ്ങള്‍ കൊണ്ട് കടംവീട്ടാമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകള്‍. മീനിലിടാനുള്ള ഐസടക്കം പൊടിച്ചു ബോട്ടുകളില്‍ നിറച്ചു. ഇതരസംസ്ഥാനങ്ങളില്‍നിന്നും ആയിരക്കണക്കിനു മത്സ്യതൊഴിലാളികളാണു പൊന്നാനി, ബേപ്പൂര്‍ അടക്കമുള്ള തുറമുഖങ്ങളില്‍ എത്തിയിരിക്കുന്നത്. ട്രോളിംഗ് അവസാനിച്ചതോടെ മത്സ്യവില കുറയുമെന്ന പ്രതീക്ഷയും ഉണ്ട്.
ഒന്നരമാസക്കാലമായി വറുതിയിലായിരുന്ന ചുമട്ടുതൊഴിലാളിള്, ലേലം വിളിക്കുന്നവര്‍, മീന്‍ തരംതിരിക്കുന്നവരെല്ലാം ഇനി ഹാര്‍ബറുകളില്‍ സജീവമാകും. പൊന്നാനിയിലെ ഐസ് ഫാക്ടറികള്‍ ഇതിനകം തുറന്നു കഴിഞ്ഞു. ട്രോളിംഗ് നിരോധനം കഴിഞ്ഞയുടനെ പുതിയാപ്പിള കോരയും മത്തിയും അയലയുമാണു പ്രധാനമായും ലഭിക്കുക. നിലവില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നാണു കേരളത്തിലേക്കാവശ്യമായ മല്‍സ്യങ്ങള്‍ കൊണ്ടു വരുന്നത്.
പൊന്നാനിയില്‍ അറ്റകുറ്റപ്പണി ഇനിയും പൂര്‍ത്തിയാകാത്ത അമ്പതോളം ബോട്ടുകളുണ്ട് . ഈ ബോട്ടുകള്‍ക്ക് ഇനിയും രണ്ടാഴ്ച കാത്തിരിക്കണം. വലിയ ബോട്ടുകള്‍ക്ക് കടലില്‍ പോകണമെങ്കില്‍ ആയിരം ലിറ്റര്‍ ഡീസല്‍ വേണം. ചെറുകിട ബോട്ടുകള്ക്കാണെങ്കില് 600 ലിറ്ററും. ലിറ്റര്‍ ഒന്നിനു 55 രൂപയിലധികമാണു വില . ഇതിനു പുറമെ ഐസ് കട്ടകള്‍ ശരാശരി 300 എണ്ണം വേണം.ഒന്നിന് 60 രൂപയാണ് ഐസിന്റെ വില .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."