എലമ്പ്രയിലെ വിദ്യാര്‍ഥികള്‍ ചോദിക്കുന്നു; പഠിക്കുവാനൊരു സ്‌കൂള്‍ അനുവദിക്കുമോ
നാട്ടുകാര്‍ വില കൊടുത്തുവാങ്ങിയ ഒരേക്കര്‍ സ്ഥലം വെറുതെ കിടക്കുന്നു
ചുവപ്പുനാടയില്‍ കുടുങ്ങി എലമ്പ്രയിലെ സ്‌കൂള്‍
മലപ്പുറം: മഞ്ചേരി പയ്യനാട് എലമ്പ്ര പ്രദേശത്തുകാര്‍ വിദ്യാലയത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. പ്രൊഫഷണല്‍ കോളജുകള്‍ക്ക് വേണ്ടിയല്ല, പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പഠിക്കാനുള്ള സ്‌കൂളിനാണ് നാട്ടുകാരുടെ കാത്തിരിപ്പ്. സ്‌കൂള്‍ എന്ന ആവശ്യവുമായി ഇതിനകം മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവരെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല. നാനൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം പോലുമില്ല. ബസ് സര്‍വീസും കുറവായതിനാല്‍ അഞ്ചും ആറും കിലോമീറ്ററുകള്‍ താണ്ടിവേണം എലമ്പ്ര നിവാസികള്‍ക്ക് സ്‌കൂളിലെത്താന്‍.
സ്‌കൂള്‍ സ്ഥാപിക്കാനായി 31 വര്‍ഷം മുന്‍പ് ഒരേക്കര്‍ സ്ഥലം നാട്ടുകാര്‍ കണ്ടെത്തി നല്‍കിയിരുന്നു. സ്ഥലം ലഭ്യമായാല്‍ സ്‌കൂള്‍ അനുവദിക്കാമെന്ന സര്‍ക്കാര്‍ നയത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ഒത്തു കൂടി പിരിവെടുത്ത് പൊന്നും വില കൊടുത്ത് 1985ല്‍ ഒരേക്കര്‍ സ്ഥലം വാങ്ങിയത്. ഭാര്യയുടെ ആഭരണം പണയം വെച്ചും ഹജ്ജിനു പോകാനായി സ്വരൂപിച്ച പണമെടുത്തും സ്‌കൂള്‍ ഫണ്ടിലേക്ക് പിരിവു നല്‍കിയവരുണ്ട്. തുടര്‍ന്ന് ഇവിടെ സ്‌കൂള്‍ അനുവദിക്കാന്‍ നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല. മുന്നൂറ്റി അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ കുട്ടികള്‍ ഇപ്പോള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് മൂന്നു കിലോ മീറ്റര്‍ നടന്ന് ചെറുകുളം, തോട്ടുപൊയില്‍ സ്‌കൂളിനേയോ, അഞ്ചു കിലോമീറ്റര്‍ നടന്ന് വടക്കാങ്ങര സ്‌കൂളിനെയോ ആണ്. സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ കുട്ടികള്‍ക്ക് നിത്യേന ഓട്ടോറിക്ഷകളെയോ ബസുകളെയോ ആശ്രയിക്കാനുമാവുന്നില്ല. വിദ്യാലയങ്ങളിലെത്താനുള്ള പ്രദേശത്തുകാരുടെ ദുരിതം ചൂണ്ടിക്കാട്ടി എലമ്പ്ര തേനത്ത് മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ ബാലവാകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മെയ് 27ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭ കോശി, മെമ്പര്‍മാരായ ഗ്ലോറി ജോര്‍ജ്ജ്, എന്‍ ബാബു എന്നിവരടങ്ങുന്ന കമ്മീഷന്‍ സ്ഥലം സന്ദര്‍ശിക്കുകയും എലമ്പ്രയില്‍ ഉടന്‍ പ്രാഥമിക വിദ്യാലയം സ്ഥാപിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
സംസ്ഥാനത്ത് സ്‌കൂള്‍ മാപ്പിംഗ് പ്രക്രിയ പൂര്‍ത്തിയായിട്ടും മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് എലമ്പ്ര പ്രദേശത്ത് പ്രാഥമിക വിദ്യാലയം പോലുമില്ലാത്തത് വിദ്യാഭ്യാസ അവകാശ ലംഘനമാണെന്നും ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പത്തു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വീടിനടുത്തു തന്നെ പഠന സൗകര്യം ഉറപ്പാക്കണമെന്നതാണ് ദേശീയ നയം. എന്നാല്‍ സ്‌കൂള്‍ മാപ്പിംഗ് പൂര്‍ത്തിയായിട്ടും ഇതുസംബന്ധിച്ച് നടപടിയില്ലാത്തത് അവകാശ ലംഘനമായി മാത്രമെ കാണാനാവൂ എന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഒരു മാസത്തിനകം സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, മഞ്ചേരി മുനിസിപ്പല്‍ സെക്രട്ടറി, എസ്.എസ്.എ പ്രോജക്ട് ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, മഞ്ചേരി മുനിസിപ്പാലിറ്റി എന്നിവര്‍ മാത്രമാണ് ഇതുവരെയായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ബാലാവകാശ കമ്മീഷന്‍ സിറ്റിങില്‍ പരാതി വീണ്ടും പരിഗണിക്കുന്നുണ്ട്. തങ്ങളുടെ ഈ ദുരിതം എന്ന് തീരുമെന്നാണ് കുട്ടികളുടെ ചോദ്യം. സര്‍ക്കാര്‍ സ്‌കൂള്‍ അനുവദിക്കുകയാണെങ്കില്‍ താല്‍കാലിക പഠനം സമീപത്തെ മദ്‌റസയില്‍ ഒരുക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."