വൈറ്റില മേല്‍പ്പാലം: 'പാലം വലിച്ചത് ' ഉദ്യോഗസ്ഥര്‍, ഗുണനിലവാരമില്ലാത്ത കോണ്‍ക്രീറ്റ് ഉപയോഗിച്ചു
സ്വന്തം ലേഖകന്‍
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടിന് സമാനമായ ഗുരുതര ഉദ്യോഗസ്ഥ വീഴ്ചകളാണ് വൈറ്റില പാലം നിര്‍മാണത്തിലും നടന്നതെന്ന് വ്യക്തമാകുന്നു.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച എഫ്.ഐ.ആറും വൈറ്റില പാലത്തിന്റെ നിര്‍മാണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടും തമ്മില്‍ നിരവധി സാമ്യങ്ങളുണ്ട്. പാലാരിവട്ടത്തിലേതിന് സമാനമായി വൈറ്റില മേല്‍പ്പാല നിര്‍മാണത്തിനും ഗുണനിലവാരമില്ലാത്ത കോണ്‍ക്രീറ്റ് ഉപയോഗിച്ചിരുന്നതായി പി.ഡബ്ല്യു.ഡി ജില്ലാ വിജിലന്‍സ് ഓഫിസര്‍ കൂടിയായ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് വ്യക്തമാവുകയാണ്. വൈറ്റില മേല്‍പ്പാലത്തിന്റെ ഡെക് സ്ലാബിന്റെ കോണ്‍ക്രീറ്റ് സമയത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായി കണ്ടെത്തിയ പിഴവുകള്‍ തന്നെയാണ് വൈറ്റില മേല്‍പ്പാലം നിര്‍മാണത്തിലും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ട്രാഫിക് ജങ്ഷനായ വൈറ്റിലയിലൂടെ ലക്ഷക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. ചെറിയ തകരാറുകള്‍ പോലും അതീവ ഗുരുതരമായ പ്രതിസന്ധികള്‍ ഉണ്ടാക്കും.
പിയര്‍ ക്യാംപ്, ഗര്‍ഡറുകള്‍ എന്നിവയ്ക്ക് തകരാര്‍ സംഭവിച്ചാല്‍ എത്രമാത്രം അപകടമാണെന്ന് തൊട്ടടുത്തുതന്നെയുളള പാലാരിവട്ടം മേല്‍പ്പാലം ഉദാഹരണമായി നില്‍ക്കുമ്പോഴാണ് വൈറ്റില മേല്‍പ്പാലത്തിന് നേരെയും അതേ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. നിര്‍മാണത്തിന്റെ 70 ശതമാനത്തിലേറെയും പിന്നിട്ടിരിക്കുന്ന വേളയിലാണ് ക്രമക്കേട് പുറത്തുവന്നത്. പാലം നിര്‍മാണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ ഉദ്യോഗസ്ഥയ്‌ക്കെതിരേ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കുകയാണ് ചെയ്തത്.
അതേസമയം, വൈറ്റില മേല്‍പ്പാലത്തില്‍ ഇതുവരെ നടത്തിയ നിര്‍മാണത്തിന്റെ ഉറപ്പ് പരിശോധിക്കാന്‍ കോര്‍ ടെസ്റ്റ് നടത്തും. പൊതുമരാമത്ത് മന്ത്രി വിളിച്ച വിദഗ്ധരുടെ യോഗത്തിലാണ് തീരുമാനം. ജാഗ്രതാപൂര്‍ണമായ പരിശോധനകള്‍ക്ക് മാധ്യമവാര്‍ത്തകള്‍ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത, ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗങ്ങളും സ്വതന്ത്ര ഏജന്‍സിയും നടത്തിയ ഗുണനിലവാര പരിശോധനകളുടെ ഫലം തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമെയാണ് കോര്‍ ടെസ്റ്റ് കൂടി നടത്തുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്കാണ് ചുമതല. മദ്രാസ് ഐ.ഐ.ടിയുടെ സേവനവും തേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."