പിങ്ക് പട്രോള്‍ കാറില്‍ ഡ്രൈവിങ് പരിശീലനം; വനിതാ എസ്.ഐക്ക് സ്ഥലംമാറ്റം
തലശ്ശേരി: സ്ത്രീ സുരക്ഷക്കായി പൊലിസ് ഇറക്കിയ പിങ്ക് പട്രോള്‍ കാറില്‍ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് ഡ്രൈവിങ് പരീശിലനം നല്കിയ വനിതാ എസ്.ഐക്ക് സ്ഥലംമാറ്റം. പിങ്ക് പട്രോള്‍ രണ്ട് കണ്ണൂര്‍ വനിതാ പൊലിസ് സ്റ്റേഷനിലെ പി.എസ് ലീലാമ്മയെയാണ് സ്ഥലംമാറ്റി ഉത്തരവായത്.
ധര്‍മ്മടം ബീച്ചില്‍ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് കാറില്‍ ഡ്രൈവിങ് പരിശീലനം നല്‍കുന്നതായി മെയ് 20ന് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് എസ്.പിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് കോഴിക്കോട് റൂറലിലേക്ക് സ്ഥലം മാറ്റിയത്. എസ്.ഐ ലീലാമ്മയുടെ നിര്‍ദേശ പ്രകാരം കാറിന് അനുവദിച്ച ഡ്രൈവറെ ഒഴിവാക്കിയാണ് ഈ സംഘത്തിലെ ഇഷ്ടക്കാരായ വനിതാ കോണ്‍സ്റ്റബിള്‍മാരെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നുവെന്നായിരുന്നു പരാതി. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായി എന്നും വിളിപ്പുറത്തെത്തേണ്ട പിങ്ക് ഇങ്ങനെ പരിശീലന വാഹനമായി മാറ്റിയതില്‍ പൊലിസില്‍ തന്നെ അമര്‍ഷം പുകഞ്ഞിരുന്നു. അനിഷ്ടക്കാരെ ഡ്രൈവിങ് സീറ്റില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഔദ്യോഗിക കാറില്‍ തന്നെ പരിശീലനം നല്‍കിവരുന്നത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളോളം ഉപയോഗിച്ച കാറാണ് പിങ്ക് പട്രോളിങിനായി ഇറക്കിയിരുന്നത്. കാര്‍ അടുത്തിടെ ടയറും ലീഫും പൊട്ടി ഏറെനാള്‍ കട്ടപ്പുറത്തുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."