റണ്‍വേ വികസനത്തിനായി 230 ഏക്കര്‍ കൂടി ഏറ്റെടുക്കും
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍വേ നടപടികള്‍ക്കായി സര്‍ക്കാരിന്റെ വിജ്ഞാപനം ഉടനുണ്ടാകും.
കഴിഞ്ഞ 29നു നടന്ന കിയാല്‍ ഓഹരി ഉടമകളുടെ യോഗം റണ്‍വേ വികസനം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു ജില്ലയിലെ റവന്യൂവകുപ്പ് 4000 മീറ്റര്‍ റണ്‍വേ നടപടിക്കു സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനുശേഷം സര്‍വേ നടപടികള്‍ ആരംഭിക്കും. 3050 മീറ്റര്‍ റണ്‍വേയിലാണു വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നത്.
റണ്‍വേ 4000 മീറ്ററായി ഉയര്‍ത്താന്‍ 230 ഏക്കര്‍ ഭൂമിയാണു വിമാനത്താവള കമ്പനിയായ കിയാലിന് ആവശ്യം. റണ്‍വേ വികസിപ്പിക്കാന്‍ കീഴല്ലൂര്‍ വില്ലേജില്‍ കാനാട് പ്രദേശത്തെ ഭൂമിയാണ് ഏറ്റെടുക്കുക. പരമാവധി കുടിയിറക്ക് ഒഴിവാക്കി സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ തീരുമാനം. വീടുകള്‍ നഷ്ടപ്പെടുന്നവര്‍ക്കു പകരം വീടു വയ്ക്കാന്‍ അവര്‍ കാണിച്ചുനല്‍കുന്ന അനുയോജ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാനുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയാല്‍ എട്ടുമാസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുമെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു. നിലവില്‍ 2300 ഏക്കര്‍ ഭൂമിയാണു വിമാനത്താവളത്തിനുള്ളത്. 230 ഏക്കര്‍ കൂടി ഏറ്റെടുക്കുന്നതോടെ വിമാനത്താവള ഭൂമി 2530 ഏക്കര്‍ ഭൂമിയായി ഉയരും. സംസ്ഥാനത്തെ മറ്റു മൂന്നു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഭൂമിയുള്ള വിമാനത്താവളമായി കണ്ണൂര്‍ മാറും.
റണ്‍വേ 4000 മീറ്ററായി ഉയര്‍ത്തുന്നതോടെ രാജ്യത്തെ വലിയ വിമാനത്താവളങ്ങളായ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ക്കൊപ്പം കണ്ണൂരും ഇടംപിടിക്കും. 4000 മീറ്റര്‍ റണ്‍വേ ആകുന്നതോടെ യൂറോപ്പിലേക്കടക്കം ബോയിങ് 777 പോലുള്ള ജംബോ വിമാനങ്ങള്‍ കണ്ണൂരില്‍നിന്നു നേരിട്ടു സര്‍വിസ് നടത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."