ഐ.പി.എസുകാരല്ലാത്ത 49 എസ്.പിമാരെ നിയമിക്കണമെന്ന ഡി.ജി.പിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളി
അന്‍സാര്‍ മുഹമ്മദ്
തിരുവനന്തപുരം: പൊലിസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും കേസുകള്‍ വേഗത്തിലാക്കാനും ഐ.പി.എസുകാരല്ലാത്ത 49 എസ്.പിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പ് തള്ളി.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അറിയാമോയെന്ന വിമര്‍ശനത്തോടെയാണ് ഡി.ജി.പിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസ് തള്ളിയത്. സ്ഥാനക്കയറ്റത്തിനുള്ള തടസം നീക്കാനാണ് പുതിയ തസ്തികയെന്ന ഡി.ജി.പിയുടെ വിശദീകരണത്തിന് ജനസേവനം മുന്‍നിര്‍ത്തിയാണ് പുതിയ തസ്തിക ഉണ്ടാകേണ്ടതെന്നും ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡി.ജി.പിയെ ഓര്‍മിപ്പിക്കുന്നു.
ഐ.പി.എസുകാരല്ലാത്തവര്‍ക്കായി 16 പുതിയ തസ്തിക സൃഷ്ടിച്ചും 39 ഡിവൈ.എസ്.പിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയും നിയമനം നടത്തണമെന്നാണ് ഡി.ജി.പി ആവശ്യപ്പെട്ടിരുന്നത്. കസ്റ്റഡിക്കൊല അടക്കം കടുത്ത ആക്ഷേപം നേരിടുന്നതിനിടെ പൊലിസ് സംഘടനകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ഡി.ജി.പി ശുപാര്‍ശ ചെയ്തത്. ക്രൈംബ്രാഞ്ചും ഇന്റലിജന്‍സും വിജിലന്‍സും ഉള്‍പ്പെടെ പൊലിസിന്റെ പ്രധാന വിഭാഗങ്ങളിലെല്ലാം എസ്.പി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പിയുടെ ശുപാര്‍ശ.
സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ പ്രവേശിക്കുന്ന ഒരാള്‍ രണ്ട് പ്രൊമോഷന്‍ കഴിഞ്ഞാല്‍ ഡിവൈ.എസ്.പിയായി മാറുമെന്നും പിന്നീട് 20 വര്‍ഷത്തോളം പ്രൊമോഷനില്ലാതെ ഇരിക്കേണ്ടിവരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പി ശുപാര്‍ശ നല്‍കിയത്.
പൊലിസ് ആസ്ഥാനത്ത് ഐ.ജിയെ സഹായിക്കാന്‍ ഒരു എസ്.പി തസ്തികയും എറണാകുളം, കോഴിക്കോട് റെയ്ഞ്ചുകളില്‍ ഓരോ എസ്.പി തസ്തികകള്‍ കൂടിയും അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
തീവ്രവാദവിരുദ്ധ സ്‌ക്വാഡ്, ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, വുമണ്‍ സെല്‍, ട്രാഫിക് ട്രെയിനിങ്, ഓപറേഷന്‍ ട്രാക്ടിക്‌സ്, സ്‌പെഷല്‍ ഇന്റലിജന്‍സ് ബ്രാഞ്ച്, ഡിപാര്‍ട്ട്‌മെന്റല്‍ പ്രൊസീഡിങ്ങ് തുടങ്ങിയ വിഭാഗങ്ങളിലേക്ക് ഓരോ തസ്തികയും സോഷ്യല്‍ പൊലിസിങ്ങില്‍ ഒരു എ.ഐ.ജി തസ്തികയും നര്‍കോട്ടിക്‌സ് സെല്‍, കോസ്റ്റല്‍ സെക്യൂരിറ്റി എന്നിവിടങ്ങളിലെ രണ്ടുവീതം തസ്തികയിലുമാണ് ഐ.പി.എസുകാരല്ലാത്തവരെ എസ്.പിയായി നിയമിക്കാന്‍ ഡി.ജി.പി ശുപാര്‍ശ ചെയ്തത്. ഇതുകൂടാതെ സ്‌പെഷല്‍ ബ്രാഞ്ചിലും വിജിലന്‍സിലും പത്തുവീതവും ഇന്റേര്‍ണല്‍ സെക്യൂരിറ്റിയിലും ക്രൈംബ്രാഞ്ചില്‍ നാലുവീതവും ട്രാഫിക്കിലും റെയില്‍വേയിലും രണ്ടുവീതവും ഡിവൈ.എസ്.പിമാരെയും പൊലിസ് ട്രെയിനിങ് കോളജില്‍ വൈസ് പ്രിന്‍സിപ്പലിന്റെ സ്ഥാനംവഹിക്കുന്ന ഡിവൈ.എസ്.പിയെയും പ്രൊമോഷന്‍ നല്‍കി എസ്.പിമാരാക്കണമെന്നും ഡി.ജി.പിയുടെ ശുപാര്‍ശയിലുണ്ട്. മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറാതെയാണ് ഡി.ജി.പിയുടെ ശുപാര്‍ശ ആഭ്യന്തര സെക്രട്ടറി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."