ഹോപ്പിന്റെ തണലിലേക്ക് ഗോവിന്ദന്
പയ്യന്നൂര്‍: വയോധികന് സഹായഹസ്തവുമായി എത്തിയത് പയ്യന്നൂര്‍ സി.ഐ ആസാദും സംഘവും. കണ്ടങ്കാളിയിലെ മാടാച്ചേരി ഗോവിന്ദനെയാണ് പയ്യന്നൂര്‍ പൊലിസിന്റെ സഹായത്തോടെ പിലാത്തറ ഹോപ്പിലെത്തിച്ചത്. പതിനാറാം വയസില്‍ നാടുവിട്ട് മഹാരാഷ്ട്രയിലെ ഒരു കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന ഗോവിന്ദന്റെ സമ്പാദ്യം മുഴുവന്‍ ആരോ തട്ടിയെടുത്തു. കിടപ്പാടം പോലും നഷ്ടപ്പെട്ട് വെറും കൈയോടെ റോഡിലേക്ക് ഇറങ്ങേണ്ടി വന്ന ഗോവിന്ദന് മലയാളി സമാജം പ്രവര്‍ത്തകരുടെ കാരുണ്യത്തില്‍ കഴിയുകയായിരുന്നു. നാല് വര്‍ഷം മുമ്പ് മലയാള പത്രത്തില്‍ ഗോവിന്ദനെക്കുറിച്ചുള്ള വാര്‍ത്ത കണ്ട ബന്ധുക്കള്‍ നാട്ടുകാരുടെ സഹായത്തോടെ പയ്യന്നൂര്‍ കണ്ടങ്കാളിയിലെ സഹോദരന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. എന്നാല്‍ ഏകാന്തതയില്‍ ഏറെ വര്‍ഷങ്ങള്‍ പിന്നിട്ട ഗോവിന്ദന് നാട്ടിലെ ജീവിതരീതിയുമായി പൊരുത്തപ്പെടാനാകാതെ ബന്ധുക്കളില്‍ നിന്നു അകന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു. പ്രദേശത്തെ കടവരാന്തകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുമായിരുന്നു 66 വയസുകാരനായ ഗോവിന്ദന്റെ അഭയകേന്ദ്രങ്ങള്‍. പ്രയാധിക്യത്താല്‍ ശാരീരിക അവശതയില്‍ കഴിയുന്ന നേരത്താണ് സഹായ ഹസ്തവുമായി പൊലിസെത്തിയത്. ഹോപ്പില്‍ ഗോവിന്ദന് മറ്റ് പ്രയാസങ്ങള്‍ ഉണ്ടാകാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് സി.ഐ ആസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."