ഇന്ത്യക്ക് ഇരട്ട സ്വര്‍ണം
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ നടക്കുന്ന യൂത്ത് ഒളിംപിക്സില്‍ ചരിത്രമെഴുതി ഇന്ത്യക്ക് രണ്ട് സ്വര്‍ണം. ആണ്‍കുട്ടികളുടെ ഭാരോദ്വഹനത്തില്‍ ജെര്‍മി ലാല്രിംനുഗയും പെണ്‍കുട്ടികളുടെ ഷൂട്ടിങ്ങില്‍ മനു ഭക്കറുമാണ് ഇന്ത്യാക്കായി ചരിത്ര സ്വര്‍ണം സ്വന്തമാക്കിയത്.
62 കിലോ വിഭാഗത്തിലായിരുന്നു ജെര്‍മിയുടെ സ്വര്‍ണം. 274 കിലോഗ്രാം ഭാരമാണ് ഇന്ത്യന്‍താരം ഉയര്‍ത്തിയത്. തുര്‍ക്കിയുടെ ടോപ്റ്റാസ് കാനര്‍ വെള്ളിയും കൊളംബിയയുടെ എസ്റ്റിവന്‍ ജോസ് വെങ്കലവും നേടി. പെണ്‍കുട്ടികളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സിലാണ് ഭാക്കര്‍ സ്വര്‍ണം നേടിയത്.
ഇതോടെ യൂത്ത് ഒളിംപിക്സില്‍ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം അഞ്ചായി. ഷാഹു തുഷാര്‍ മാനെ, മെഹുലി ഘോഷ് എന്നിവര്‍ ഷൂട്ടിങ്ങിലും തബായ് ദേവി ജുഡോയിലും വെള്ളിമെഡലുകള്‍ നേടിയിരുന്നു. ആണ്‍കുട്ടികളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് തുഷാര്‍ മാനെ വെള്ളി നേടിയത്. വനിതകളുടെ 44 കിലോഗ്രാം വിഭാഗം ജുഡോയില്‍ വെനസ്വലയുടെ മരിയ ഗിമേനസിനോട് ഫൈനലില്‍ പരാജയപ്പെട്ടതോടെയാണ് തബാബി വെള്ളി മെഡലിന് അര്‍ഹയായത്. ഇതാദ്യമായാണ് ഇന്ത്യ ജുഡോയില്‍ ജൂനിയര്‍, സീനിയര്‍ തലത്തില്‍ ഒളിംപിക്സില്‍ മെഡല്‍ നേടുന്നത്.
10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലായിരുന്നു മെഹുലി ഘോഷിന്റെ മെഡല്‍നേട്ടം. ഇത്തവണ ഇന്ത്യയില്‍ 46 അത്ലറ്റുകളാണ് യൂത്ത് ഒളിംപിക്സിനായി എത്തിയിട്ടുള്ളത്. 13 ഇനങ്ങളിലായി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. യൂത്ത് ഒളിംപിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ അത്ലറ്റിക് സംഘമാണിത്.
2014ല്‍ ചൈനയില്‍ നടന്ന യൂത്ത് ഒളിംപിക്സില്‍ ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്. ഇന്ന് നടക്കാനിരിക്കുന്ന വിവിധ ഇനം ഷൂട്ടിങ്ങുകള്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള ഇനങ്ങളാണ്. താരങ്ങള്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായാല്‍ യൂത്ത് ഒളിംപിക്സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടാനും ഇന്ത്യന്‍ സംഘത്തിനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."