വ്യാജ തങ്കക്കട്ടി വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
തലശ്ശേരി: മൂന്ന് കിലോയോളം വരുന്ന വ്യാജ തങ്കക്കട്ടി വില്‍പ്പന നടത്തി മാട്ടൂല്‍ സ്വദേശിയെ കബളിപ്പിച്ച് പണവുമായി മുങ്ങിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. വയനാട് മുട്ടില്‍ സ്വദേശി പുതിയപുരയില്‍ ഷാഹിദ് ഷുഹൈലിനെ (49) നെയാണ് തലശ്ശേരി ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം മഞ്ചേരിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 24നാണ് പഴയങ്ങാടി മാട്ടൂലിലെ ആറ്റക്കോയ തങ്ങളെ ന്യൂമാഹി പൊലിസ് സ്റ്റേഷന് പരിധിയിലുള്ള പുന്നോലില്‍ വിളിച്ചുവരുത്തി രണ്ടംഗസംഘം ചേര്‍ന്ന് വ്യാജതങ്കം നല്കി പണം വാങ്ങി വഞ്ചിച്ചത്.
ലോഹകട്ടിയുടെ മുകളില്‍ മാത്രം സ്വര്‍ണം പൂശിയാണ് തങ്ങളെ തെറ്റിധരിപ്പിച്ചത്. സംശയം തോന്നി കട്ടി മുഴുവനായും പരിശോധിച്ചപ്പോഴാണ് വെറും ലോഹമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് തങ്ങള്‍ ന്യൂമാഹി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടു ഘട്ടങ്ങളിലായി 10ലക്ഷം രൂപ തങ്ങളില്‍ നിന്ന് പ്രതികള്‍ കൈക്കലാക്കിയിരുന്നു.
രണ്ടാമനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അന്വേഷണസംഘം ഷുഹൈലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതി മറ്റു കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിച്ചു വരികയാണ്. ന്യൂമാഹി എസ്.ഐ പി. രാജേഷ്, ഡിവൈ.എസ്.പി.യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അജയകുമാര്‍, രാജീവന്, ശ്രീജേഷ്, മീരജ്, സുജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."