മുത്വലാഖ് നിയമം ഭരണഘടനാ വിരുദ്ധം; സുപ്രിം കോടതിയെ സമീപിക്കും: വനിതാലീഗ്
കോഴിക്കോട്: മുസ്‌ലിം സ്ത്രീക്ക് വേണ്ടി എന്ന പേരില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ മുത്വലാഖ് ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കുമെന്നും വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്.
നൂറ്റാണ്ടുകളായി വ്യക്തിത്വത്തോടെ മുസ്‌ലിം സമുദായം ജീവിച്ച രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷ് ഭരണകാലത്തുള്‍പ്പെടെ വ്യക്തിനിയമം അംഗീകരിച്ചും വകവച്ചു നല്‍കിയുമാണ് നിയമ നിര്‍മാണം നടന്നത്.
രാജ്യം സ്വതന്ത്രമായപ്പോള്‍ വ്യക്തിനിയമം നിലനിര്‍ത്തുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ 70 വര്‍ഷമായി തുടരുന്നതും ഇതാണ്. ഭരണഘടന മൗലികാവകാശമായി തന്നെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് വ്യക്തി നിയമം അനുസരിച്ച് ജീവിക്കാന്‍ അവകാശം വകവച്ചു നല്‍കുന്നുണ്ട്. ഇതിനു വിരുദ്ധമായാണ് നിര്‍ഭാഗ്യകരമായി ലോക്‌സഭയിലും തുടര്‍ന്ന് രാജ്യസഭയിലും മുത്വലാഖ് ബില്‍ പാസാക്കിയത്.
ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കുള്ള മത സ്വാതന്ത്ര്യവും വ്യക്തി നിയമവും വകവച്ചു നല്‍കുന്നതിനാല്‍ വിവാഹം ഉള്‍പ്പെടെ സിവില്‍ നിയമ പ്രകാരം നടക്കുന്നു. ഇതില്‍ മുസ്‌ലിംകള്‍ക്ക് മാത്രം വിവാഹ നിയമത്തില്‍ ക്രിമിനല്‍ നിയമം ചാര്‍ത്തുമ്പോള്‍ വലിയ വിവേചനമാണ് ഉണ്ടായത്.
മുത്വലാഖ് സുപ്രിം കോടതി തന്നെ നിരോധിച്ചതാണ്. ഒരു നിയമം പോലും ആവശ്യമില്ലാത്ത വിധം റദ്ദായ ഒന്നിന്റെ പേരില്‍ ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ വകുപ്പില്‍ ജയിലില്‍ അടക്കുന്നതും വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. മുസ്‌ലിം പുരുഷന്റെയും സ്ത്രീയുടെയും ജീവിതം ദുസ്സഹമാക്കുന്നതിനു മാത്രമാണ് രാഷ്ട്രപതി ഒപ്പിടുന്നതോടെ പ്രാബല്യത്തില്‍ വരുന്ന നിയമം ഹേതുവാകുക.
ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ ന്യൂനപക്ഷ വേട്ടക്കുള്ള മറ്റൊരു ആയുധമായി ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതാണിത്.
മൗലികാവകാശം ഹനിക്കുന്നതും വിവേചനപരവുമായ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാന്‍ സുപ്രിം കോടതിയെ സമീപിച്ച് വിജയം വരെ പോരാടുമെന്നും അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."