കണ്ണൂര്‍ വിമാനത്താവളത്തില്‍ 10.8 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട. രണ്ടു യാത്രക്കാരില്‍ നിന്നാണ് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 10.8 ലക്ഷത്തോളം രൂപ വിലവരുന്ന യു.എസ് ഡോളര്‍ ഉള്‍പ്പെടെ പിടികൂടിയത്.
പുതുച്ചേരി മുല്ലു സ്ട്രീറ്റിലെ അലവിക്കോയ (62), പാനൂര്‍ മൊകേരി സ്വദേശി റഹൂഫ് എന്നിവരില്‍ നിന്നാണ് വിവിധ രാജ്യങ്ങളുടെ കറന്‍സി പിടികൂടിയത്. ഇന്നലെ രാവിലെ 7.55 അബൂദബിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പോകാനെത്തിയ അലവിക്കോയയില് നിന്ന് 30,210 യു.എ.ഇ ദിര്‍ഹവും 700 സഊദി റിയാലും, 380 യൂറോയും 50 യു.എസ് ഡോളറുമാണ് പിടികൂടിയത്. 7.30നുള്ള ഗോ എയര്‍ വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ റഹൂഫില് നിന്ന് 25,130 യു.എ.ഇ ദിര്‍ഹമാണ് പിടികൂടിയത്. സി.ഐ.എസ്.എഫ് പരിശോധനയിലാണ് കറന്‍സി കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റംസിന് കൈമാറി.
അലവിക്കോയയില് നിന്ന് 6,11,225 രൂപയും റഹൂഫില് നിന്ന് 4,70,655 രൂപയും വിലവരുന്ന കറന്‍സികളാണ് പിടികൂടിയത്. വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ തിങ്കളാഴ്ച ആദ്യമായി കൂത്തുപറമ്പ് സ്വദേശി ഖാലിദ് സൈനുല്‍ ആബിദില്‍ നിന്ന് 7,200 ഡോളര്‍ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."