നഗരസഭ ജീവനക്കാരുടെ അനാസ്ഥ; മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു
കായംകുളം: നഗരസഭ വക ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ 11.30 നോടെ നഗരസഭ 36-ാം വാര്‍ഡിലെ പൊതുശ്മശാനത്തില്‍ നഗരസഭ ജീവനക്കാര്‍ അജ്ഞാത മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുവന്നു. ആംബുലന്‍സില്‍ എത്തിച്ച മൃതദേഹം സംസ്കരിക്കാന്‍ തുടങ്ങുന്നതിനിടെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ സംഘടിച്ചെത്തി തടയുകയായിരുന്നു. നഗരസഭ ജീവനക്കാര്‍ മൃതദ്ദേഹം സംസ്കരിക്കുന്നതില്‍ തികഞ്ഞ അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ചാണ് തടഞ്ഞത്. ആവശ്യമായ കുഴി എടുക്കാതെ അല്‍പ്പം മണ്ണ് മാറ്റിയാണ് മൃതദേഹം സംസ്കരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇങ്ങനെ സംസ്കരിക്കുന്ന മൃതദേഹം പട്ടികള്‍ മണ്ണുമാന്തി മാറ്റിയ ശേഷം മൃതദേഹം കടിച്ചുകീറുക പതിവാണ്. ഇതുമൂലം പരിസരമാകെ ദുര്‍ഗന്ധം വമിക്കുന്നതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. തര്‍ക്കം രൂക്ഷമായതോടെ പൊലിസെത്തി ഇവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് പ്രശ്നം അവസാനിപ്പിച്ച് മൃതദേഹം സംസ്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."