വയനാടന്‍ 'ചായ'യുടെ രുചിയറിയാം കൂടെ ചരിത്രവും
കല്‍പ്പറ്റ: വയനാടന്‍ തേയിലയുടെ ചരിത്രമറിയാന്‍ ഇനി പുസ്തകങ്ങള്‍ തപ്പി നടക്കേണ്ടതില്ല. അച്ചൂരിലെ പഴയ തേയില ഫാക്ടറിയിലേക്ക് ചെന്നാല്‍ മതി. വിവരങ്ങള്‍ അറിയുന്നതോടൊപ്പം വയനാടന്‍ തേയിലകൊണ്ടുള്ള ചായയുടെ രുചിയും അറിഞ്ഞ് തിരികെ വരാം. വയനാടന്‍ ടൂറിസം മേഖലക്ക് പുത്തന്‍ പ്രതീക്ഷയായി പൊഴുതന അച്ചൂരില്‍ പ്രവര്‍ത്തനം തുടങ്ങിയ വയനാട്ടിലെ ആദ്യ ടീ മ്യൂസിയമാണ് തേയിലയുടെ ചരിത്രം പറയുന്നത്. 1911ല്‍ നിര്‍മിക്കുകയും 1995ല്‍ അഗ്നിക്കിരയാകുകയും ചെയ്ത എച്ച്.എം.എല്ലിന്റെ പഴയ തേയില ഫാക്ടറിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.
തേയില മേഖലയിലെ വയനാടന്‍ ചരിത്രം, ആദ്യ കാലങ്ങളില്‍ തേയില സംസ്‌കരിക്കാനും മറ്റും ഉപയോഗിച്ചിരുന്ന പഴയ യന്ത്രങ്ങള്‍, ആദ്യകാല ഫോട്ടോകള്‍ എന്നിവയാണ് മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായാണ് മ്യൂസിയം പ്രവര്‍ത്തിക്കുക.
ഫാക്ടറിയില്‍ ഉപയോഗിച്ചിരുന്ന പഴമയുടെ പെരുമയുള്ള വിവിധ യന്ത്രങ്ങളാണ് ഒന്നാം നിലയിലുള്ളത്. കൂടാതെ അച്ചൂരിന്റെ ചലിക്കുന്ന മാപ്പും ഒരുക്കിയിട്ടുണ്ട്. അച്ചൂര്‍ സ്‌കൂള്‍, അച്ചൂര്‍ പാലം, ദേവാലയം, ഫാക്ടറി തുടങ്ങി പ്രധാനപെട്ട സ്ഥാപനങ്ങളെല്ലാം മാപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, തേയിലയില്‍ മരുന്ന് തളിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, ആദ്യകാല വീട്ടുപകരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കാഴ്ച്ചകളും മ്യൂസിയത്തിലുണ്ട്.
തേയിലയെ പരിചയപെടുത്താനായി വിവിധ തരം ചായ പൊടികള്‍, ചായ ഉല്‍പ്പങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1908 മുതല്‍ വയനാട്ടില്‍ തേയില കൃഷി ആരംഭിച്ചതായാണ് മ്യൂസിയത്തിലെ രേഖകളില്‍ കാണുന്നത്. സന്ദര്‍ശകര്‍ക്ക് നല്ല രുചിയുള്ള ചായയും കാപ്പിയും രുചിച്ചു നോക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹാരിസസ് മലയാളം കമ്പനിയാണ് ഫാം ടൂറിസത്തിന്റെ ഭാഗമായി കേരളത്തിലെ രണ്ടാമത്തെ ടീ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
മ്യൂസിയം കാണാന്‍ പ്രത്യേക ഫീസ് ഏര്‍പെടുത്തിയിട്ടുണ്ട്. മ്യൂസിയം കഴിഞ്ഞ ദിവസം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."